'ഈ അവസ്ഥ നിങ്ങൾക്കുണ്ടാകരുത്, അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ'; ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവച്ച് നടൻ

Monday 11 August 2025 5:26 PM IST

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് റിയാസ്. മറിമായം എന്ന പരിപാടിയിലെ മന്മഥൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രമാണ് നടൻ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയപ്പെട്ടവരുടെയെല്ലാം പ്രാർത്ഥനയുള്ളതുകൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടതെന്നും താരം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Not Reel But Real

രോഗിയായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വർഷങ്ങൾക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണ്ന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാ, കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി, എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തിൽ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക

മിമിക്രിയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് അഭിനയരംഗത്ത് എത്തിയത്. നർമകല എന്നൊരു മിമിക്രി ട്രൂപ്പും അദ്ദേഹം ആരംഭിച്ചിരുന്നു. പിന്നീടാണ് സീരിയലുകളിലൂടെ ടെലിവിഷൻ രംഗത്ത് എത്തിയത്. ചില സിനിമകളിലും റിയാസ് വേഷമിട്ടിട്ടുണ്ട്.