49കാരനെ കുത്തിപ്പരിക്കേപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്രിൽ

Tuesday 12 August 2025 12:57 AM IST

കൊച്ചി: പണം പിടിച്ചുപറിച്ചത് ചോദ്യംചെയ്ത 49കാരനെ രണ്ടംഗസംഘം കുത്തിവീഴ്ത്തി. തൃശൂർ ചിറമ്മനങ്ങാട് ഇളയത്തുപറമ്പിൽ വീട്ടിൽ ഷറഫുദ്ദീനാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ ഇയാൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കലൂർ മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കേസിൽ രണ്ടുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു.

കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി റോബിൻ നിവാസിൽ റോബിൻ ഭാസ്‌കർ (46), നേപ്പാൾ സ്വദേശി കലൂരിൽ താമസിക്കുന്ന ശ്യാംബെൻ ബഹാദൂർ (43) എന്നിവരാണ് പിടിയിലായത്. കുത്തേറ്റ ഷറഫുദ്ദീനും പ്രതികളും സുഹൃത്തുക്കളും നഗരത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നവരാണ്. ഷറഫുദ്ദീനെ ശ്യാമും റോബിനും ചേർന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി കൈയിലുണ്ടായിരുന്ന 12,000 രൂപ തട്ടിയെടുത്തതാണ് കത്തിക്കുത്തിന് വഴിവച്ചത്.

പണം തട്ടിയെടുത്തത് ഷറഫുദ്ദീൻ ചോദ്യം ചെയ്തു. പിന്നാലെ റോബിൻ ഷറഫുദ്ദീനെ തടഞ്ഞുവച്ചു. ഇതിനിടെ ശ്യാം കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് ഷറഫുദ്ദീനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയിരുന്നു.

പാലാരിവട്ടം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐ സാബുവും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് അറസ്റ്റുചെയ്തു. മദ്യലഹരിയിൽ ഷറഫുദ്ദീൻ ശ്യാമിനെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചെന്നും ഇതിനെ ചൊല്ലിയുണ്ടായ ഉന്തുംതള്ളിനുമിടെ കത്തി പിടിച്ചുവാങ്ങി കുത്തുകയാണ് ഉണ്ടായതെന്നുമാണ് പ്രതികളുടെ മൊഴി.

സംഭവം നടക്കുമ്പോൾ മൂവരും മദ്യലഹരിയിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജാരാക്കും.