കണ്ടലിലൂടെ തീരസംരക്ഷണം: സർവേ റിപ്പോർട്ട് സമർപ്പിച്ചു
Tuesday 12 August 2025 12:02 AM IST
കോഴിക്കോട്: ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് ബേപ്പൂർ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ സർവേ റിപ്പോർട്ട് വനം മന്ത്രി എ.കെ ശശീന്ദ്രന് സമർപ്പിച്ചു. ബേപ്പൂർ ബി.സി റോഡിന്റെ തീരത്തുള്ള വീടുകളിലായിരുന്നു എൻ.എസ്.എസ് വോളന്റിയർമാരുടെ സർവേ.
കരിങ്കല്ലും സിമന്റും ഉപയോഗിച്ചുള്ള കടൽ ഭിത്തികളേക്കാൾ സംരക്ഷണം നൽകാൻ കണ്ടലുകൾക്ക് കഴിയുമെന്ന് സർവേയിൽ പറയുന്നു. കണ്ടലുകൾ ഉപയോഗിച്ചുള്ള തീരസംരക്ഷണം ഫലപ്രദമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിലുള്ള കണ്ടൽ നിലനിറുത്തുകയും പൊതുജനങ്ങൾക്ക് തീരപ്രദേശത്ത് കണ്ടൽ വളർത്താനും അവയെ വെട്ടിയൊതുക്കാനുമുള്ള അവകാശം നൽകുന്നത് നന്നാകുമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. മുഹമ്മദ് സ്വാലിഹ്, ഫാത്തിമ നിദ, പ്രിൻസിപ്പൽ എ.അരുൺ, പ്രോഗ്രാം ഓഫീസർ എം.റീഷ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.