ആരോഗ്യ മേഖലയെ തകർക്കാൻ കോർപ്പറേറ്റ് ഭീമന്മാർ: മുഖ്യമന്ത്രി
കണ്ണൂർ: കേരളത്തിലെ മികവാർന്ന ആരോഗ്യമേഖലയെ തകർക്കാനുള്ള ശ്രമം രാജ്യാന്തര കോർപ്പറേറ്റ് ഭീമൻമാരുടെ ഇടപെടലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല സൗകര്യം സർക്കാർ ആശുപത്രിയിൽ ഉള്ളപ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതെന്തിനെന്ന് ആളുകൾ ചോദിക്കും. അതു തകർക്കണം എന്നതാണ് രാജ്യാന്തര ഭീമൻമാരുടെ ലക്ഷ്യം. അതിനായി വിലയ്‌ക്കെടുക്കേണ്ടവരെ അവർ വിലയ്‌ക്കെടുക്കും. പല മാർഗങ്ങളും പലവഴികളും തേടും. കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾ രാജ്യാന്തര കമ്പനികൾ സ്വന്തമാക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. ബോർഡും ജീവനക്കാരും പഴയതായിരിക്കും. നിരക്ക് പുതിയതാകും. ലാഭം വർദ്ധിപ്പിക്കാനുള്ള ഇടം എന്ന തരത്തിലേക്ക് ആശുപത്രി മാറി. കാശ് ഈടാക്കാൻ പറ്റിയ ഏതെല്ലാം പരിശോധന ഉണ്ടോ അതെല്ലാം നടക്കട്ടെ എന്ന നിലയാണ്. ടാർഗറ്റും ക്വാട്ടയും നിശ്ചയിച്ചു നൽകുകയാണ്.
സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കു പോയാലോ എന്ന് ആലോചിക്കുന്നുവെന്ന് കേരളത്തിലെ അതിസമ്പന്നരിൽ ചുരുക്കം ചിലരിൽ ഒരാൾ തന്നോടു പറഞ്ഞു. പിശുക്കുകൊണ്ട് പോകുന്നതാണ് എന്ന് നാട്ടുകാർ പറയുമല്ലോ എന്നു കരുതിയാണ് പോകാത്തതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബിയിലൂടെ മാത്രം 10,000 കോടിയിലധികം രൂപയാണ് സർക്കാർ മാറ്റിവച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിശ്ചിത അജൻഡയുടെ ഭാഗമായി നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ കേരളത്തിലെ ആരോഗ്യമേഖല തകർന്നു പോകില്ലെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ജില്ലാകളക്ടർ അരുൺ കെ.വിജയൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ് എന്നിവരും പങ്കെടുത്തു.
'യു.എസ് തീരുവ വർദ്ധന
കേരളത്തെ ബാധിക്കും'
കണ്ണൂർ: അമേരിക്ക തീരുവ വർദ്ധിപ്പിച്ച നടപടി ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും വലിയ ദോഷം വരുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഗുരുതരമായി ബാധിക്കാൻ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.