തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണം:മന്ത്രി വി ശിവന്‍കുട്ടി

Monday 11 August 2025 9:30 PM IST

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. തൃശ്ശൂരില്‍ അടക്കം നടന്നത് ജനവിധി അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ വാലായാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറികളെ കുറിച്ച് സമഗ്രമായി അന്വേഷണം വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

5 എംപിമാര്‍ അടക്കം 160 യാത്രക്കാര്‍ ഉണ്ടായിരുന്ന തിരുവനന്തപുരം ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു.

'വിഭജന ഭീകരദിനം' കൊണ്ടാടണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്ക് കത്തയയ്ക്കാന്‍ എന്ത് അധികാരമാണ് ഗവര്‍ണര്‍ക്ക് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള വാക്കാണ് വിഭജനം. ഇത്തരം വര്‍ഗീയ വിഭാഗീയ ശ്രമങ്ങള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നടപ്പാവില്ല എന്ന് നാം കണ്ടതാണ്. സര്‍വകലാശാലകളെ സംഘര്‍ഷഭൂമിയാക്കാന്‍ കേരളം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.