സദാനന്ദൻ കേരളത്തിലെ പ്രഗ്യാ സിംഗ്: എം.വി. ജയരാജൻ
കണ്ണൂർ: കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ ആണ് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ സി.സദാനന്ദനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ. സദാനന്ദന്റെ കാലുകൾ 30 വർഷം മുൻപ് വെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് ജയിലിലായ പ്രതികൾക്ക് യാത്രയയപ്പ് നൽകിയ വിവാദവുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഉരുവച്ചാലിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ പ്രവർത്തനമാണോ എം.പി ആകാനുള്ള യോഗ്യത. എം.പിയായി എന്നുകരുതി സഖാക്കളെ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ട. ഒളിച്ചും പാത്തുമല്ല എട്ട് സഖാക്കൾ ജയിലിലേക്ക് പോയത്. കള്ളക്കേസിൽ കുടുക്കി പാർട്ടിയെ നശിപ്പിക്കാനാവില്ലെന്ന് ആർ.എസ്.എസ് ഓർക്കണം. നിരപരാധികളെ ശിക്ഷിക്കുന്ന കോടതി വിധിയെ വിമർശിക്കാതിരിക്കാനാവില്ല. സത്യം വിളിച്ചു പറഞ്ഞതിന് ഇനിയും ജയിലിൽ പോകാൻ തയ്യാറാണ്.