'ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖം, പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് '
കൊച്ചി: കോതമംഗലത്ത് ടി,ടി,സി വിദ്യാർത്ഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കത്തോലിക്ക കോൺഗ്രസ്. സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്തെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചുവെന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിന് പിറകിൽ സംഘടിത സംവിധാനങ്ങൾ ഉണ്ടെന്ന സൂചന നൽകുന്നു. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഒറ്റപ്പെട്ട സംഭവമായി കാണാതെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് വാർത്താക്കുറിപ്പിൽ പറയുന്നു.
സോനയുടെ ആത്മഹത്യയിൽ സുഹൃത്ത് പറവൂർ പാനായിക്കുളം സ്വദേശി റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൻ എന്നീ കുറ്റങ്ങളാണ് റമിസീനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കോതമംഗലം കറുകടം കടിഞ്ഞുമ്മേൽ ഹൗസിൽപരേതനായ എൽദോസിന്റെയും ബിന്ദുവിന്റെയും മകളാണ് സോന
കഴിഞ്ഞ ശനിയാഴ്‌ചയാണ് ടി.ടി.സി വിദ്യാർത്ഥിനിയായ സോന എൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ സാധിക്കില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. എന്നാൽ അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകൾ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു'- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.