രാമായണത്തിലെ മംഗളനിമിഷങ്ങൾ
രാമായണത്തിലെ മംഗളകരമായ ഒരദ്ധ്യായത്തിന് കാരണമായിത്തീരുകയാണ് രാജർഷിയായ വിശ്വാമിത്രൻ. തന്റെ മക്കളെ വിശ്വാമിത്രനൊപ്പം വിടാൻ ആദ്യം മടിക്കുന്ന ദശരഥൻ, ഗുരുവായ വസിഷ്ഠന്റെ നിർദ്ദേശപ്രകാരം മനസില്ലാമനസോടെയാണ് അയച്ചത്. എങ്കിലും ഒടുവിൽ ശുഭ പര്യവസാനമാണുണ്ടായത്. ജീവിതത്തിൽ മുൻവിധികൾ വച്ചുപുലർത്തരുതെന്ന പാഠം ഈ സന്ദർഭത്തിൽ നിന്ന് ലഭിക്കുന്നു. വരാനിരിക്കുന്ന കാര്യത്തെക്കുറിച്ചോർത്ത് അനാവശ്യമായ ഉത്കണ്ഠകളും ആധിയും വച്ചുപുലർത്തി മനസിനെ കലുഷമാക്കുന്നതിൽ അർത്ഥമില്ല. ശുഭാപ്തി വിശ്വാസത്തോടെ, തടസങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുന്നവർക്കുള്ളതാണ് ജയം. ഇത്തരം ശുഭചിന്തകൾ വെളിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ രാമായണത്തിലുണ്ട്.
ദശരഥപുത്രന്മാരുടെ യൗവനകാലത്താണ് വിശ്വാമിത്ര മഹർഷി അയോദ്ധ്യയിലെത്തുന്നത്. അദ്ദേഹത്തെ യഥാവിധി സത്കരിച്ച ദശരഥനോട് ആശ്രമത്തിലെ യാഗകർമ്മങ്ങളെ തടസപ്പെടുത്തുന്ന രാക്ഷസരെ വധിച്ച് യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ അയക്കണമെന്ന് വിശ്വാമിത്രൻ ആവശ്യപ്പെടുന്നു. ഇത് കേട്ട്
ദു:ഖിക്കുന്ന ദശരഥനോട് രാമതത്വം മനസിലാക്കിക്കൊടുത്ത് രാമനെ വിശ്വാമിത്രനോടൊപ്പം അയക്കണമെന്ന് വസിഷ്ഠൻ ആവശ്യപ്പെടുന്നു. ശരിയായ കാര്യങ്ങൾ അറിയാത്തത് ദു:ഖ ഹേതുവാകും. അറിഞ്ഞാൽ ദു:ഖമകലും. ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ട്. പക്ഷേ, മനുഷ്യന് അതേപ്പറ്റി അറിയില്ല. അജ്ഞാനം ദു:ഖത്തിനും ജ്ഞാനം സന്തോഷത്തിനും കാരണമാകുന്നു. ഇവിടെ ദശരഥൻ അജ്ഞാനം മാറിയതോടെ സന്തുഷ്ടനാകുന്നു. രാമൻ താടകയെ വധിച്ചതോടെ അവളുടെ ശരീരത്തിൽ നിന്നും സർവാഭരണ വിഭൂഷിതയായ ഒരു സുന്ദരി ഉയർന്നുവന്നു. ശപിക്കപ്പെട്ടതിനെ തുടർന്ന് രാക്ഷസിയായ അവൾ ശാപമോക്ഷം ലഭിച്ചതിന് നന്ദിപറഞ്ഞ് ദേവലോകത്തേക്ക് പോയി.
- വിശുദ്ധിക്കുള്ള സാദ്ധ്യത
താടകാവധം സത്പ്രവൃത്തിയായി മാറുന്ന കാഴ്ചയാണ് രാമായണത്തിൽ നാം കാണുന്നത്. തെറ്റെന്നോ മോശമെന്നോ പ്രത്യക്ഷത്തിൽ തോന്നുന്ന ചില കാര്യങ്ങൾ നമ്മുടെ ആത്യന്തിക നന്മയ്ക്കുള്ളതാകാം. താടകാവധത്തിന് ശേഷം വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാർക്ക് പലതരം ദിവ്യാസ്ത്രങ്ങൾ ഉപദേശിക്കുന്നു. യാഗം മുടക്കാനെത്തിയ രാക്ഷസരെ രാമബാണങ്ങൾ അകറ്റി. സുബാഹു മരിച്ചു. രാമബാണം പിന്തുടരുന്നതുകണ്ട് പരിഭ്രാന്തനായ മാരീചന്‍ രാമനെത്തന്നെ ശരണം പ്രാപിച്ച് രക്ഷ നേടി. മാപ്പ് അർഹിക്കാത്ത ഒരു തെറ്റുമില്ലെന്ന തിരിച്ചറിവ് ഈ സന്ദർഭം നൽകുന്നു. രാക്ഷസനായിട്ടുപോലും ശരണം പ്രാപിച്ചവനെ രാമൻ കെെവിട്ടില്ല. കളങ്കങ്ങൾ കഴുകിക്കളയാൻ തിരിച്ചറിവിന്റെയോ പശ്ചാത്താപത്തിന്റെയോ വിശുദ്ധകണം കൊണ്ട് കഴിയും. വിശുദ്ധിക്കുളള സാദ്ധ്യത എപ്പോഴും എവിടെയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ ജീവിതം അർത്ഥപൂർണമായി.