വെളിച്ചെണ്ണയിൽ വിജയം, കരളുറപ്പിന്റെ കഥ ആൻസി പറയും

Tuesday 12 August 2025 12:00 AM IST
ആൻസി ബെന്നി തന്റെ സ്ഥാപനത്തിൽ

കൊച്ചി: ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം, മൂന്നു മക്കളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ചുമതല... നിനച്ചിരിക്കാതെ പ്രതിസന്ധികൾക്ക് നടുവിൽപ്പെട്ട തൃശൂർ കുര്യാച്ചിറ സ്വദേശിനി ആൻസി ബെന്നി കെട്ടിപ്പടുത്തത് ശുദ്ധമായ വെളിച്ചെണ്ണ നൽകുന്ന സ്ഥാപനം.

2016ലാണ് ടെക്‌സ്റ്റൈൽ വ്യാപാരിയായിരുന്ന ആൻസിയുടെ ഭർത്താവ് ബെന്നി 'തീർത്ഥ"യെന്ന സ്ഥാപനം തുടങ്ങിയത്. മൂന്നാം വർഷം ബെന്നി ഹൃദയാഘാതത്താൽ മരിച്ചു. പകച്ചുപോയ ആൻസി രണ്ടു മാസംകൊണ്ട് ജീവി​തതാളം വീണ്ടെടുത്തു. എണ്ണയിട്ട യന്ത്രംപോലെയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഉപഭോക്താക്കൾ ആൻസിയെ കൈവിട്ടില്ല. മറ്റ് വിതരണക്കാർ മുഖേന യു.എ.ഇ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇപ്പോൾ കയറ്റുമതിയുമുണ്ട്. മൂത്ത മകൻ ഡോ. ബെൻ വർഗീസ് ജൂബിലി മിഷൻ ആശുപത്രിയിൽ ജൂനിയർ റസിഡന്റാണ്. മകൾ കാതറിൻ ബെൻ എം.ബി.ബി.എസ് പൂർത്തീകരിച്ചു. മൂന്നാമൻ റിച്ചി ബെൻ പൈലറ്റാണ്.

വെളിച്ചെണ്ണയിൽ വിജയം നാലു പേരിൽ തുടങ്ങിയ 'തീർത്ഥ"യി​ൽ ഇപ്പോൾ 25 ജീവനക്കാരുണ്ട്. നാളികേരവും കൊപ്രയും നേരിട്ടെടുത്ത് ഡ്രയറിൽ ഉണക്കിയാണ് ഓട്ടോമാറ്റിക് സംവിധാനത്തിൽ വെളിച്ചെണ്ണ ഉത്പാദനം. 20ലേറെ ഫിൽറ്ററുകളിലൂടെ വെളിച്ചെണ്ണ അരി​ച്ചെടുക്കും. ദിവസം 1200 കിലോയാണ് ശേഷി​. 1995ൽ ബെന്നിയുടെ ജീവിതസഖിയായ ആൻസി ഗണിതശാസ്ത്ര ബിരുദധാരിയാണ്.