കർക്കടകത്തിൽ കഴിക്കാം, മെത്തിയേ പായസം

Tuesday 12 August 2025 1:14 AM IST

കൊച്ചി: കർക്കടകത്തിൽ സേവിക്കാൻ കഞ്ഞി മാത്രമല്ല, അസൽ പായസവുമുണ്ട്. മെത്തിയേ അഥവാ ഉലുവപ്പായസം. പായസമല്ലേ എന്നോർത്ത് വാരിക്കഴിക്കാമെന്ന് കരുതണ്ട. ഇത് ഉണ്ടാക്കാനും കഴിക്കാനും ചിട്ടവട്ടങ്ങളേറെ. ഔഷധഗുണമുള്ള മെത്തിയേ കൊങ്കണി സമുദായാംഗങ്ങളാണ് കർക്കടകത്തിൽ സേവിക്കാറുള്ളത്. സദ്യ, ഭക്ഷണ പ്രിയരായ കൊങ്കണികൾ പ്രാർത്ഥനാനിർഭരമായി, പൈതൃകം കൈവിടാതെയാണ് മെത്തിയേ തയ്യാറാക്കുന്നതും കഴിക്കുന്നതും.

ഉലുവയാണ് പ്രധാന ഘടകം. ശർക്കര ഉൾപ്പെടെ നാടൻ വസ്തുക്കൾ ഉപയോഗിക്കുന്നു. കർക്കടം ഒഴികെയുള്ള മാസങ്ങളിൽ മെത്തിയേ നിർമ്മിക്കുന്നത് പ്രസവശേഷം സ്ത്രീകൾക്ക് ഔഷധമായി മാത്രമാണ്.

പതിനാറാം നൂറ്റാണ്ട് മുതൽ ഗോവയിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് കൊങ്കണികൾ. കൊച്ചി, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം മേഖലകളിലാണ് ഇവർ കൂടുതലായുള്ളത്. ഗോവൻ പാരമ്പര്യമുള്ള മെത്തിയേ പായസത്തിൽ വലിയ മാറ്റമൊന്നും ഇപ്പോഴും വരുത്തിയിട്ടില്ല. വിറകടുപ്പാണ് കൂടുതൽ ഉപയോഗിക്കുക. വീട്ടമ്മമാർ കുളിച്ചൊരുങ്ങി വേണം പായസം വയ്‌ക്കാൻ. ശരീരമാകെ എണ്ണ തേച്ചുകുളിച്ചശേഷം ചെറുചൂടോടെ കഴിക്കണം.

ഔഷധസമ്പുഷ്‌ടം

ഉലുവയും നെയ്യും ചേർക്കുന്നതാണ് മെത്തിയേക്ക് ഔഷധഗുണം നൽകുന്നതെന്ന് മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയും ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ജീവനക്കാരിയുമായ സംഗീത പ്രദീപ് പറഞ്ഞു. ശരീരത്തിലെ ചൂടുകുറയ്‌ക്കാൻ മെത്തിയേ സഹായിക്കും. എല്ലുകൾക്ക് ബലം ലഭിക്കാനും സഹായകം. സൂപ്പിന്റെ ഫലവും ലഭിക്കും. ഔഷധം എന്ന നിലയിലാണ് കർക്കടകത്തിൽ കൊങ്കണി കുടുംബങ്ങൾ മെത്തിയേ തയ്യാറാക്കുന്നത്.

പാചകരീതി

ഉലുവയും പച്ചരിയും തുല്യ അളവിൽ ചെറുതായി കുതിർത്തെടുക്കും. തേങ്ങാപ്പാൽ മൂന്നുതവണ പിഴിഞ്ഞെടുക്കും. ഓട്ടുരുളിയിൽ മൂന്നാംപാലിൽ അരിയും ഉലുവയും വേവിക്കും. രണ്ടും വെന്താൽ പൊടിച്ച ശർക്കര ചേർത്തിളക്കും. കുറുകുമ്പോൾ രണ്ടാംപാൽ ചേർത്തിളക്കും. തുടർന്ന് മൂന്നാംപാലും ചേർക്കും. അതിലേക്ക് പൊടിച്ച ഏലക്കായും ചുക്കും ചേർത്ത് അടുപ്പിൽ നിന്നിറക്കും. ഗ്ളാസിലേക്ക് പകരുന്ന മെത്തിയേയിൽ ഒന്നോ രണ്ടോ ടീസ്‌പൂൺ നറുനെയ് ഒഴിച്ചശേഷമാണ് കഴിക്കേണ്ടത്.