ഓണത്തിന് സജ്ജമായി എക്സൈസ്
കൊച്ചി: ഓണക്കാലം ലക്ഷ്യമിട്ടുള്ള ലഹരിയൊഴുക്ക് തടയാൻ ഒരു ചുവടുമുന്നേ കളത്തിൽ ഇറങ്ങി എക്സൈസ്. മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമായി. സെപ്തംബർ 10 വരെയാണ് ഓണം സ്പെഷ്യൽ ഡ്രൈവ്. ജില്ലാതലത്തിൽ രണ്ട് എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വാഹന പരിശോധന വർദ്ധിപ്പിച്ചും പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിന്മേലും നിരവധി കേസുകളാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓണക്കാലം ലക്ഷ്യമിട്ട് ഉത്തരേന്ത്യയിൽ നിന്ന് എത്തിച്ച കഞ്ചാവ് പിടികൂടിയതുമെല്ലാം ഇതിൽപ്പെടും. ലഹരി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് പാഞ്ഞെത്തും. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയതോടെ വനമേഖലയിലെ വ്യാജമദ്യ ഉത്പാദനവും വിതരണവും തടയാനായിട്ടുണ്ട്. സ്ട്രൈക്കിംഗ് ഫോഴ്സുകൾക്ക് പുറമെ സ്പെഷ്യൽ ടീമിനെയും സ്പെഷ്യൽ ഡ്രൈവിനായി വിന്യസിച്ചിട്ടുണ്ട്. ഡി.ജെ. പാർട്ടികൾ നടത്തുന്ന ഇടങ്ങളിൽ അനധികൃത മദ്യമയക്കുമരുന്നു ഉപയോഗവും വിപണനവും കണ്ടെത്തി നപടിയെടുക്കുകയാണ് സ്പെഷ്യൽ ടീമിന്റെ ദൗത്യം. ഒപ്പം മദ്യ-മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജൻസ് എന്നീ വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥരും ജില്ലയുടെ പലഭാഗങ്ങളിലും ഇക്കാലയളവിൽ ഉണ്ടായിരിക്കും.
മദ്യം, മയക്കുമരുന്ന് ഒഴുക്ക് തടയാൻ
സംയുക്ത പരിശോധനഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്സ്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകളും വരും ദിവസങ്ങളിൽ എക്സൈസിന്റെ മേൽനോട്ടത്തിൽ നടക്കും. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്താൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ നിയമപ്രകാരം മുൻകൂർ കസ്റ്റഡിയിൽ വെക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സ്ട്രൈക്കിംഗ് ഫോഴ്സ്
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സുകൾ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് രംഗത്തുള്ളത്. കൊച്ചി, നോർത്ത് പറവൂർ, ആലുവ, എറണാകുളം, വരാപ്പുഴ, മട്ടാഞ്ചേരി, ഞാറയ്ക്കൽ, തൃപ്പൂണിത്തുറ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് മേഖല ഒന്ന്. മേഖല രണ്ടിൽ മാമല, കോതമംഗലം, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, കാലടി, അങ്കമാലി, കുട്ടമ്പുഴ, പെരുമ്പാവൂർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു.
ഫോൺ നമ്പറുകൾ എക്സൈസ് ഡെപ്യൂട്ടി കമിഷണർ: 04842390657, 9447178059. അസി. എക്സൈസ് കമ്മിഷണർ : 04842397480, 9496002867 ജില്ലാ കൺട്രോൾ റൂം : 04842390657, 9447178059