ചർച്ചയായി മാക്സ്‌വെല്ലിന്റെ ക്യാച്ച്

Tuesday 12 August 2025 2:23 AM IST

ഡാർവിൻ : കഴിഞ്ഞ ദിവസം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ആദ്യ ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ റയാൻ റിക്കിൾട്ടണിനെ പുറത്താക്കാൻ ഓസ്ട്രേലിയൻ ആൾറൗണ്ടർ ഗ്ളെൻ മാക്സ്‌വെൽ ബൗണ്ടറി ലൈൻ ക‌ടന്ന് എടുത്ത ക്യാച്ച് വൈറലായി. ലോംഗ് ഓണിലേക്ക് റിക്കിൾട്ടൺ ഉയർത്തി അടിച്ച പന്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ ഗാലറിയിലേക്ക് നീങ്ങിയപ്പോൾ ചാടി ഉയർന്ന മാക്സ്‌വെൽ കാൽ നിലത്തുമുട്ടും മുമ്പ് ഗ്രൗണ്ടിനകത്തേക്ക് തട്ടി ഉയർത്തിവിട്ടു. തുടർന്ന് കാലുകുത്തി അകത്തേക്ക് വീണ്ടും ചാടിഉയർന്ന് ക്യാച്ചെട‌ുത്തു.

മത്സരത്തിൽ ഓസീസിന്റെ വിജയത്തിൽ വളരെ നിർണായകമായിരുന്നു ഈ ക്യാച്ച്. 179 റൺസ് ചേസ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.2-ാം ഓവറിൽ 158/7 എന്ന നിലയിൽ എത്തിയപ്പോഴായിരുന്നു 71 റൺസടിച്ച് ടോപ് സകോററായ റിക്കിൾട്ടണിനെ മാക്സ‌വെൽ ഈ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിൽ 17 റൺസിനാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ഇതോടെ മൂന്നുമത്സര പരമ്പരയിൽ ആതിഥയരായ ഓസീസ് 1-0ത്തിന് മുന്നിലെത്തി.രണ്ടാം ട്വന്റി-20 ഇന്ന് ഇതേ വേദിയിൽ നടക്കും.