കമ്മ്യൂണിറ്റി ഷീൽഡിൽ ക്രിസ്റ്റൽ പാലസിന്റെ കിസ്സ്
ക്രിസ്റ്റൽ പാലസിന് കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബാൾ കിരീടം
ഫൈനലിൽ ലിവർപൂളിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു
ലണ്ടൻ : ഇംഗ്ളീഷ് ഫുട്ബാളിൽ പുതിയ സീസണിന്റെ ആരവമറിയിച്ച് നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ നിലവിലെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കി ക്രിസ്റ്റൽ പാലസ് ചാമ്പ്യന്മാരായി. നിലവിലെ എഫ്.എ കപ്പ് ജേതാക്കളാണ് ക്രിസ്റ്റൽ പാലസ്. ഇതാദ്യമായാണ് ക്രിസ്റ്റൽ പാലസ് കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കുന്നത്.
വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.നാലാം മിനിട്ടിൽ ഹ്യൂഗോ എക്റ്റിക്കെയിലൂടെ ലിവർപൂൾ മുന്നിലെത്തിയിരുന്നു. എന്നാൽ 17-ാം മിനിട്ടിൽ ജീൻ ഫിലിപ്പെ പെനാൽറ്റിയിലൂടെ ക്രിസ്റ്റൽ പാലസിനെ സമനിലയിലെത്തിച്ചു. എന്നാൽ 21-ാം മിനിട്ടിൽ വീണ്ടും ലിവർപൂൾ വീണ്ടും മുന്നിലെത്തി. ജെറെമി ഫ്രിംപോംഗായിരുന്നു സ്കോറർ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിറുത്തിയ ലിവർപൂളിനെ 77-ാം മിനിട്ടിൽ ഇസ്മെയില സാറിലൂടെ പാലസ് വീണ്ടും സമനിലപിടിച്ചു.
നിശ്ചിതസമയത്ത് സമനിലച്ചങ്ങല തകർക്കാൻ കഴിയാതെവന്നതോടെ ഷൂട്ടൗട്ടിന് വഴി തുറന്നു. ഷൂട്ടൗട്ടിൽ ക്രിസ്റ്റൽ പാലസിനായി ജീൻ ഫിലിപ്പ് മറ്റേറ്റ,ഇസ്മയില സാർ,ജസ്റ്റിൻ ഡവേന്നി എന്നിവർ സ്കോർ ചെയ്തപ്പോൾ ലിവർപൂളിന്റെ കോഡി ഗാപ്കോ, ഡൊമിനിക് സോബോസ്ളായ് എന്നിവർക്ക് മാത്രമാണ് കിക്ക് വലയിലെത്തിക്കാൻ കഴിഞ്ഞത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സല, അലക്സിസ് മക്അലിസ്റ്റർ,ഹാർവേ എലിയറ്റ് എന്നിവർക്ക് പിഴച്ചു.
ഇനി പ്രിമിയർ ലീഗ്
ഈ വാരാന്ത്യത്തിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കമാകും. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരങ്ങളിൽ മുൻനിര ക്ളബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം തുടങ്ങിയവർ കളത്തിലിറങ്ങും. നിലവിലെ ജേതാക്കളായ ലിവർപൂളിന് ബേൺമൗത്താണ് ആദ്യ എതിരാളി.
ജോട്ടയ്ക്ക് ആദരം, ഇടയ്ക്ക് ബഹളം
കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് മുമ്പ് വെംബ്ളി സ്റ്റേഡിയത്തിൽ കളിക്കാരും കാണികളും റോഡപകടത്തിൽ മരിച്ച ലിവർപൂൾ താരം ഡീഗോ ജോട്ടയ്ക്ക് ആദരമർപ്പിച്ച് നിശബ്ദ പ്രാർത്ഥന നടത്തുന്നതിനിടെ ഒരു വിഭാഗം കാണികൾ ആർപ്പുവിളികൾ ഉയർത്തിയത് അരോചകമായി . തുടർന്ന് റഫറി നിശബ്ദ പ്രാർത്ഥന വേഗം അവസാനിപ്പിച്ചു. ജൂണിൽ ജോട്ടയും സഹോദരനും സ്പെയ്നിൽ കാറപകടത്തിൽ മരിച്ച ശേഷം ലിവർപൂൾ ആദ്യമായാണ് കളിക്കളത്തിലിറങ്ങിയത്.