കൈവിട്ട കിരീടം തേടി കാലിക്കറ്റ്
ആദ്യ സീസണിലെ ഫൈനൽ തോൽവിയുടെ കണക്കുതീർക്കാൻ കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സ്
തിരുവനന്തപുരം : കഴിഞ്ഞസീസണിന്റെ ഫൈനലിൽ സച്ചിൻ ബേബിയുടെ സെഞ്ച്വറിക്കുമുന്നിൽ കൈവിട്ടുപോയ കെ.സി.എൽ കിരീടം വീണ്ടെടുക്കാനായി വരികയാണ് കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സ്. അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് കാലിക്കറ്റിന്റെ കരുത്തന്മാർ കണക്കുതീർക്കാനെത്തുന്നത്. കന്നി സീസണിലെ നായകൻ രോഹൻ കുന്നുമ്മൽ തന്നെയാണ് ഇക്കുറിയും കടിഞ്ഞാണേന്തുന്നത്. കോച്ചായി ഫിറോസ്. വി. റഷീദും കൂടെയുണ്ട്. ഇപ്പോൾ ചെന്നൈയിൽ കഠിന പരിശീലനത്തിലാണ് കാലിക്കറ്റ് ടീം.
ആദ്യ സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ടീമുകളിലൊന്നാണ് കാലിക്കറ്റ്. പത്തിൽ ഏഴുമത്സരങ്ങളും ജയിച്ചാണ് ഫൈനലിലെത്തിയത്.ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് 213/6 എന്ന സ്കോർ ഉയർത്തിയെങ്കിലും അഞ്ചുപന്തുകൾ ബാക്കിനിൽക്കേ കൊല്ലത്തിനോട് തോൽക്കേണ്ടിവന്നു.
കഴിഞ്ഞ സീസണിൽ ബൗളിംഗിലെ പിഴവുകളാണ് തങ്ങൾക്ക് തിരിച്ചടിയായതെന്ന് മുഖ്യപരിശീലകൻ ഫിറോസ്.വി റഷീദ് വിലയിരുത്തുന്നു. അത് പരിഹരിച്ച് തിരിച്ചുവരാനാണ് ഇക്കുറി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽതന്നെ പരിക്കുമൂലം പുറത്തായിരുന്ന ഇടംകയ്യൻ സീമർ ഇബ്നുൽ അഫ്താബ് ഉൾപ്പടയുള്ള ബൗളർമാർ ഇക്കുറി മിന്നുമെന്നുതന്നെയാണ് കോച്ചിന്റെ പ്രതീക്ഷ. സീനിയർ താരമായ മനു കൃഷ്ണൻ, മോനു കൃഷ്ണ,ലെഗ് സ്പിന്നർ എസ്.മിഥുൻ, അഖിൽദേവ് തുടങ്ങിയവരാണ് ബൗളിംഗ് നിരയിലെ പ്രമുഖർ.
നായകൻ രോഹൻ കുന്നുമ്മൽ നേതൃത്വം നൽകുന്ന ബാറ്റിംഗ് നിര ശക്തമാണ്. രഞ്ജി ട്രോഫിയിൽ ഹീറോയായ സൽമാൻ നിസാർ,അജ്നാസ്, അഖിൽ സ്കറിയ തുടങ്ങിയവരടങ്ങുന്ന മുൻനിര സ്ഥിരതപുറത്തെടുത്താൽ എതിരാളികൾക്ക് വെല്ലുവിളിയാകും. ഓരോ മത്സരത്തിലും പരീക്ഷിക്കാൻ കഴിയുന്ന യുവതാരങ്ങളുടെ നിരതന്നെ ടീമിലുണ്ട്. ഫീൽഡിംഗ് മെച്ചപ്പെടുത്തലും ഫ്ളഡ് ലിറ്റിന് കീഴിലുള്ള മത്സരപരിചയവും ലക്ഷ്യമിട്ടാണ് ടീം ചെന്നൈയിൽ പരിശീലനം നടത്തുന്നത്.
ആദ്യം പകരം ചോദിക്കണം
ഈ സീസണിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സ് ഏറ്റുമുട്ടുന്നത് കഴിഞ്ഞ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോടാണ്.കഴിഞ്ഞ സീസണിൽ കാലിക്കറ്റിന് തോൽപ്പിക്കാൻ കഴിയാതിരുന്ന ഏകടീമാണ് കൊല്ലം. ഇക്കുറി ആ ചരിത്രം തിരുത്താൻതന്നെയാണ് രോഹൻ കുന്നുമ്മലിന്റേയും കൂട്ടരുടേയും തീരുമാനം. ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് 2.30ന് ഈ സീസണിലെ ഉദ്ഘാടന മത്സരത്തിലാണ് കാലിക്കറ്റും കൊല്ലവും ഏറ്റുമുട്ടുന്നത്.
ഫിറോസ് വി.റഷീദ്
കഴിഞ്ഞ സീസണിൽ കാലിക്കറ്റിനെ റണ്ണേഴ്സ് അപ്പാക്കിയ കോച്ച്. 1990കളിൽ കേരള രഞ്ജി ടീമിന്റെ മുൻനിര താരമായിരുന്നു ആൾറൗണ്ടറായ ഫിറോസ് വി.റഷീദ്. കേരളത്തിന് രഞ്ജി ട്രോഫി സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിക്കൊടുത്ത നായകൻ. പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും മാസ്റ്റേഴ്സ് ക്രിക്കറ്റിൽ ഇപ്പോഴും കളത്തിലിറങ്ങുന്നു. കളിക്കാലം കഴിഞ്ഞ് പരിശീലന രംഗത്ത് സജീവം.
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് സ്ക്വാഡ്
രോഹൻ കുന്നുമ്മേൽ(ക്യാപ്ടൻ),സൽമാൻ നിസാർ,അഖിൽ സ്കറിയ, അൻഫൽ.പി.എം,അജിനാസ്,എസ്.മിഥുൻ,സച്ചിൻ സുരേഷ്,മനു കൃഷ്ണൻ, അഖിൽദേവ്, മോനുകൃഷ്ണ,ഇബ്നുൽ അഫ്താബ്,അജിത് രാജ്,പ്രീതിഷ് പവൻ,കൃഷ്ണദേവൻ,ഹരികൃഷ്ണൻ,ഷൈൻ ജോൺ ജേക്കബ്,അമീർ ഷാ,കൃഷ്ണകുമാർ.
സപ്പോർട്ടിംഗ് സ്റ്റാഫ്
ഹെഡ് കോച്ച് : ഫിറോസ് വി.റഷീദ്
അസിസ്റ്റന്റ് കോച്ച് : ഡേവിഡ് ചെറിയാൻ
ബാറ്റിംഗ് കോച്ച് : കെ.എക്സ് മനോജ്.
ഫീൽഡിംഗ് കോച്ച് : സുമേഷ്
ടീമുടമ : സഞ്ജു മുഹമ്മദ്