ക്രിക്കറ്റിനെ തൊടാതെ ഭേദഗതികളുമായി ലോക്‌സഭ കടന്ന് കായിക ബിൽ
ന്യൂഡൽഹി: സർക്കാർ ഫണ്ടിംഗിനെ ആശ്രയിക്കാത്തതിനാൽ ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതുൾപ്പടെയുള്ള ഭേദഗതികളോടെ ദേശീയ കായിക നിയന്ത്രണ ബിൽ ലോക്‌സഭ പാസാക്കി. ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി(നാഡ)യ്‌ക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി.
സർക്കാർ ഫണ്ടിംഗിനെയോ പിന്തുണയെയോ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വിവരാവകാശ നിയമം ബാധകമാകൂ എന്ന പുതിയ ഭേദഗതിയിലൂടെയാണ് കായിക നിയന്ത്രണ ബില്ലിലെ വ്യവസ്ഥകളിൽ നിന്ന് ബി.സി.സി.ഐയെ ഒഴിവാക്കിയത്. ജൂലായ് 23 ന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ, 15(2) വകുപ്പ് പ്രകാരം എല്ലാ കായിക സ്ഥാപനങ്ങൾക്കും വിവരാവകാശ നിയമം ബാധകമാണെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ബി.സി.സി.ഐയ്‌ക്കും ബാധകമായിരുന്നു. എന്നാൽ ബി.സി.സി.ഐ പൊതുവിൽ ബില്ലിന്റെ പരിധിയിൽ വരുമെന്നാണ് സർക്കാർ വാദം. കായിക ഫെഡറേഷനുകൾക്ക് അംഗീകാരം ലഭിക്കാൻ സംസ്ഥാനങ്ങളിലെ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന ഭേദഗതിയുമുണ്ട്. ബി.സി.സി.ഐ 1975-ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമ പ്രകാരം രജിസ്റ്റർ ചെയ്‌ത സംഘടനയാണ്.
കായിക മേഖലയുടെ നിയന്ത്രണത്തിനുള്ള ദേശീയ കായിക ബോർഡ് (എൻ.എസ്.ബി) രൂപീകരിക്കാൻ കായിക നിയന്ത്രണ ബിൽ വ്യവസ്ഥ ചെയ്യുന്നു. കായിക ഫെഡറേഷനുകൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കാൻ എൻ.എസ്.ബിയുടെ അംഗീകാരം നേടേണ്ടതുണ്ട്. ഓഡിറ്റിംഗ് തിരിമറി, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ എന്നിവയുടെ പേരിൽ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാൻ ബോർഡിന് അധികാരമുണ്ടാകും.
സിവിൽ കോടതിയുടെ അധികാരമുള്ള ദേശീയ കായിക ട്രൈബ്യൂണലിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഫെഡറേഷനുകളും അത്‌ലറ്റുകളുമെല്ലാം ടൈബ്യൂണലിന്റെ കീഴിൽ വരും. ട്രൈബ്യൂണലിന്റെ തീരുമാനങ്ങളെ സുപ്രീം കോടതിയിൽ മാത്രമേ ചോദ്യം ചെയ്യാനാകൂ.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ ഒഴിവാക്കണമെന്ന ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) ആവശ്യം ഉൾക്കൊണ്ടാണ് ഉത്തേജക മരുന്ന് വിരുദ്ധ ബില്ലിലെ ഭേദഗതി. 2022ൽ പാസാക്കിയ നിയമം പ്രകാരം നിലവിൽ വന്ന ദേശീയ ഉത്തേജക വിരുദ്ധ ബോർഡ് നാഡയെ നിയന്ത്രിക്കുന്നതിനെ വാഡ എതിർത്തിരുന്നു. ഭേദഗതി ചെയ്ത ബില്ലിൽ ബോർഡിനെ നിലനിർത്തിയെങ്കിലും നാഡയെ നിയന്ത്രിക്കാനാകില്ല.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കായികരംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്കാരമാണ് കായിക ബിൽ. കായിക രംഗത്ത് ഉത്തരവാദിത്വവും നീതിയും സ്പോർട്സ് ഫെഡറേഷനുകളിൽ മികച്ച ഭരണവും ഉറപ്പാക്കാൻ ബിൽ സഹായിക്കും. 2036 ലെ ഒളിമ്പിക്‌സ് വേദിക്കായി ശ്രമിക്കുന്ന ഇന്ത്യയിൽ സുതാര്യവും ഉത്തരവാദിത്വമുള്ളതും ലോകോത്തരവുമായ ഒരു സ്‌പോർട്‌സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
- മൻസുഖ് മാണ്ഡവ്യ,
കേന്ദ്ര കായിക മന്ത്രി