ചേരിപ്പോര്, വിവാദങ്ങൾ: സിനിമാ സംഘടനകളിൽ തിരഞ്ഞെടുപ്പ് ചൂ‌ട്

Tuesday 12 August 2025 1:55 AM IST

കൊച്ചി: പതിവില്ലാത്ത ചേരിപ്പോരും വിവാദങ്ങളും മുറുകിയതോടെ, സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും സംഘടനാ തിരഞ്ഞെടുപ്പുകളിൽ വാശിയേറി. ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അംഗങ്ങളുടെ പ്രസ്‌താവനകൾ 'അമ്മ" വിലക്കി. അമ്മയിൽ 15നും, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ 14നുമാണ് വോട്ടെടുപ്പ്.

രണ്ടു പാനലുകളിൽ മത്സരിക്കുന്ന പതിവിന് പകരം വ്യക്തിപരമായാണ് അമ്മയിൽ മത്സരം. 74 പേർ പത്രിക നൽകിയതിൽ 23 പേരാണ് രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനാർത്ഥി ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ കേസ് വന്നതാണ് വിവാദം. ശ്വേതയ്‌ക്കെതിരായ കേസിനെ താരങ്ങൾ ഒറ്റക്കെട്ടായി എതിർക്കുന്നു. അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന് മാർട്ടിൻ മേനാച്ചേരി നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടുണ്ട്. അമ്മയിൽ ആദ്യമായി വനിതാ പ്രസിഡന്റാകാൻ സാദ്ധ്യതയുള്ള ശ്വേതയെ അവഹേളിക്കാൻ ലക്ഷ്യമിട്ടാണ് കേസെന്നും, അമ്മയിലെ അംഗങ്ങൾ തന്നെയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു.

നടിമാർ പങ്കെടുത്ത യോഗത്തിന്റെ വീഡിയോയെച്ചൊല്ലിയാണ് കുക്കു പരമേശ്വരനെതിരെ അമ്മയ്‌ക്കുള്ളിൽ ഒരു വിഭാഗം പ്രതിഷേധിച്ചത്. ഉഷ ഹസീന കേസും നൽകി. ഇതിൽ പക്ഷംചേർന്ന് താരങ്ങൾ പ്രതികരിച്ചു. പീഡന ആരോപണം നേരിടുന്ന ബാബുരാജ് ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നതിനെച്ചൊല്ലിയും വാക്പോരുണ്ടായി. തുടർന്ന് അദ്ദേഹം പത്രിക പിൻവലിച്ചു. പ്രതികരണങ്ങൾ ഒഴിവാക്കി വ്യക്തിപരമായി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലും വനിതകൾ ജയിച്ചാൽ ചരിത്രമാകും.

സാന്ദ്രയെ അനുകൂലിച്ചും പ്രതികൂലിച്ചും

സാന്ദ്ര തോമസിന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചേരിപ്പോര്. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സാന്ദ്ര സമർപ്പിച്ച പത്രിക തള്ളിയിരുന്നു. മൂന്നു സിനിമകൾ സ്വന്തമായി നിർമ്മിച്ചവർക്കേ ഭാരവാഹിയാകാൻ കഴിയൂവെന്ന വ്യവസ്ഥയുടെ പേരിലാണ് പത്രിക തള്ളിയത്. എക്‌സിക്യുട്ടീവിലേക്കുള്ള പത്രിക സ്വീകരിക്കുകയും ചെയ്‌തു. പത്രിക തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.