ട്രെയിനുകളിലെ വാതിൽപ്പടി യാത്രക്കാരെ കവ‌ർച്ച ചെയ്യുന്ന ആറംഗ സംഘം അറസ്റ്റിൽ

Tuesday 12 August 2025 1:08 AM IST

കൊച്ചി: ട്രെയിനുകളുടെ വാതിൽപ്പടിയിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരുടെ കൈയിൽ നിന്ന് മൊഫൈൽ ഫോൺ അടിച്ചു വീഴ്‌ത്തി കവ‌ർച്ച ചെയ്യുന്ന ആറംഗ സംഘത്തെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ അല്ലപ്ര പുലവത്ത് വീട്ടിൽ സിറാജ് (26), പെരുമ്പാവൂർ റയോൺസ് പടയാട്ടിൽ വീട്ടിൽ ജോസ്‌വിൻ എൽദോ (18), മലപ്പുറം ആലത്തൂർ മേൽമുറി കണ്ണയംപിള്ളി വീട്ടിൽ കെ.എ.ആഷിക് (21), കളമശേരി പെരിങ്കോട്ടു പറമ്പിൽ മുഹമ്മദ് ഫസൽ (18), ആലുവ വാഴക്കുളം മലയിടംതുരുത്ത് കാമ്പായിക്കുടി വീട്ടിൽ ഷെഫിൻ (18) എന്നിവരും ആലുവ സ്വദേശിയായ പതിനേഴുകാരനുമാണ് പിടിയിലായത്.

ആലുവയിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള രാത്രികാല ട്രെയിനുകളിലെ യാത്രക്കാരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ആലുവ സ്റ്റേഷൻ വിടുന്ന ട്രെയിൻ മേൽപ്പാലത്തിലും സെന്റ് സേവ്യേഴ്സ് കോളേജിന് സമീപവും വേഗത കുറച്ചാണ് നീങ്ങുന്നത്. ഈ സമയം ട്രാക്കിനരികെ കാത്തുനിൽക്കുന്ന സംഘം വാതിൽപ്പടിയിലിരുന്നും നിന്നും സഞ്ചരിക്കുന്ന യാത്രക്കാരുടെ കെെയിലെ മൊബൈൽ ഫോൺ വടി കൊണ്ട് അടിച്ച് വീഴ്‌ത്തി കവരുകയാണ് പതിവ്. തുറന്ന വിൻഡോ സീറ്റിലിരിക്കുന്ന യാത്രക്കാരെയും ആക്രമിച്ചിട്ടുണ്ട്. വടി കൊണ്ട് യാത്രക്കാരെ അടിക്കുന്നതും കവ‌‌ർച്ചയ്‌ക്ക് നേതൃത്വം നൽകുന്നതും 17കാരനാണെന്ന് പൊലീസ് അറിയിച്ചു. നിരവധി അന്യ സംസ്ഥാന തൊഴിലാളികൾക്ക് മൊബൈലും സാധനങ്ങളും നഷ്ടമായെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല.

ഞായറാഴ്ച അർദ്ധരാത്രി തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്‌പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്ത അമ്പലപ്പുഴ സ്വദേശി സുഹൈൽ ഷാനവാസ് (26) അടിയേറ്റ് ട്രെയിനിൽ നിന്ന് തെറിച്ച് വീണതാണ് പ്രതികൾ പിടിയിലാകാൻ കാരണം. പരിക്കേറ്റ സുഹൈലിന്റെ 75,000 രൂപയുടെ മൊബൈൽ ഫോണും പോക്കറ്റിലെ 750 രൂപയും ഇയർബഡും പ്രതികൾ കവർന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുഹൈലിന്റെ പരാതിയിൽ കേസെടുത്ത എറണാകുളം റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, സി.ഐ ബാലൻ, എസ്.ഐ ഇ.കെ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മൊബൈൽഫോണുകൾ വിറ്റ് കിട്ടുന്ന പണം പ്രതികൾ മയക്കുമരുന്നും മദ്യവും വാങ്ങാനാണ് ഉപയോഗിക്കുന്നത്. അഞ്ചു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.