ആവേശത്തേരിൽ ചെറുകിട നിക്ഷേപകർ
എസ്.ഐ.പി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ റെക്കാഡ് ഉയരത്തിൽ
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വത്തിൽ ഇന്ത്യൻ ഓഹരി വിപണി ആടിയുലയുമ്പോഴും രാജ്യത്തെ ചെറുകിട നിക്ഷേപകർക്ക് ആവേശമൊഴിയുന്നില്ല. ജൂലായ് മാസത്തിൽ ചെറുകിട നിക്ഷേപകർ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) 28,464 കോടി രൂപയാണ് വിപണിയിലൊഴുക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. ജൂലായിൽ പുതിയ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9.45 കോടിയായി ഉയർന്നു. കഴിഞ്ഞ മാസം 68.69 ലക്ഷം പുതിയ അക്കൗണ്ടുകളാണ് തുറന്നതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ എസ്.ഐ.പികളിലൂടെ ലഭിച്ച നിക്ഷേപം 27,269 കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസം 43.03 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് പൂട്ടിയത്. രാജ്യത്തെ മൊത്തം മ്യൂച്വൽ ഫണ്ടുകളുടെ ആസ്തിയിൽ 20.5 ശതമാനം എസ്.ഐ.പികളാണ്. ജൂൺ മാസത്തിന് ശേഷം ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ രാജ്യത്തെ ഓഹരി വിപണി തുടർച്ചയായി താഴേക്ക് നീങ്ങുമ്പോഴാണ് ചെറുകിട നിക്ഷേപകർ പണമൊഴുക്ക് കൂട്ടിയത്. വിദേശ ഫണ്ടുകൾ കഴിഞ്ഞ മാസം 35,000 കോടി രൂപയിലധികം ഇന്ത്യയിൽ നിന്ന് പിൻവലിച്ചിട്ടും ഓഹരി വിപണി തകർച്ച നേരിടാതിരുന്നത് ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലാണ്.
ഓഹരി മ്യൂച്വൽ ഫണ്ടുകൾക്കും പ്രിയമേറുന്നു
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ജൂലായിൽ 81 ശതമാനം ഉയർന്ന് 42,702 കോടി രൂപയിലെത്തി റെക്കാഡിട്ടു. ജൂണിൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 23,587 കോടി രൂപയായിരുന്നു. സെക്‌ടറൽ, തീമാറ്റിക് ഫണ്ടുകളിലേക്കാണ് കഴിഞ്ഞ മാസം വലിയ തോതിൽ ഫണ്ട് ഒഴുകിയെത്തിയത്. ഈ ഫണ്ടുകളിലെ നിക്ഷേപം ജൂണിലെ 475 കോടി രൂപയിൽ നിന്ന് 1,882 ശതമാനം ഉയർന്ന് 9,426 കോടി രൂപയിലെത്തി.
മ്യൂച്വൽ ഫണ്ട് നിക്ഷേപ ഒഴുക്ക്
ഫണ്ട് തുക
മൾട്ടി ക്യാപ് 5,991 കോടി രൂപ
ലാർജ് ക്യാപ് 2,125 കോടി രൂപ
ലാർജ്, മിഡ് ക്യാപ് 5,034 കോടി രൂപ
സ്മാൾ ക്യാപ് 6,484 കോടി രൂപ
സെക്‌ടറൽ/തീമാറ്റിക് 9,426 കോടി രൂപ
കടപ്പത്ര ഫണ്ടുകളിൽ ജൂലായിൽ ലഭിച്ച നിക്ഷേപം
1.06 ലക്ഷം കോടി രൂപ