അശ്വതി എസ് അടൂർ, താളിയോല കവിതയിൽ അ‌ടൂരിന്റെ പെരുമ

Tuesday 12 August 2025 12:20 AM IST

അടൂർ : "ലഹരി നുരയുന്ന തിരയിൽ പുഴുക്കൾ ലോകം നശിപ്പിക്കും വേട്ടക്കിടാങ്ങൾ" യുവകവി അശ്വതി എസ്.അടൂരിന് കേരള ബുക്ക്സ് ഓഫ് റെക്കാഡ്‌സ് നേട്ടം സമ്മാനിച്ച താളിയോല രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അക്ഷരക്കൂട്ട് എന്ന കവിത സമാഹാരത്തിലെ ആദ്യ കവിതയായ 'ലഹരിയിലെ' വരികളാണിത്. പ്രാസത്തിൽ കവിത എഴുതി ഫലിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് സ്വതസിദ്ധമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യ ലോകത്തിന് അശ്വതി സമ്മാനിച്ചത് വ്യത്യസ്തമായ നുറുങ്ങു കവിതകളാണ്. നിരവധി സംഗീത ആൽബങ്ങളിൽ അശ്വതി ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഭക്തിയും വിരഹവും പ്രണയവുമൊക്കെ ചാലിച്ചെഴുതിയ വരികൾ ആസ്വാദകരേറ്റെടുത്തു. അശ്വതി ഗാനരചന നിർവഹിച്ച ആൽബങ്ങളിൽ "സ്ത്രീധനം "പ്രമേയമായി സാമൂഹിക വിമർശനമായി ഒരുങ്ങിയ ജീവാംശം എന്ന ആൽബം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. പൊൻപുലരി എന്ന പേരിൽ രചിച്ച ഓണപ്പാട്ട് ആൽബവും ഭക്തിഗാനങ്ങളും സംഗീത അൽബരംഗത്ത് അശ്വതിയെ ശ്രദ്ധേയയാക്കി. ഷിബു പനവൂർ സംവിധാനം ചെയ്ത "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലലോ" എന്ന സിനിമയിലെ ക്ലൈമാക്സ് ഗാനം രചിച്ച് വെള്ളിത്തിരയിലും അശ്വതി സാന്നിദ്ധ്യമായി. നീയും ഞാനും എന്ന ഹ്രസ്വച്ചിത്രത്തിലും അശ്വതി തന്റെ തൂലിക ചലിപ്പിച്ചു. 2024ൽ മലയാള സാഹിത്യ അക്കാദമി എന്ന സാഹിത്യ സംഘടന ആദ്യമായി പ്രസിദ്ധീകരിച്ച " മാണിക്യ ലിപികൾ എന്ന കവിത സമാഹാരത്തിൽ കേരളത്തിലെ ഇരുന്നോറോളം കവികളുടെ രചനകൾക്കൊപ്പം അശ്വതിയുടെ മൗനം എന്ന കവിതയും ഇടം പിടിച്ചു. മലയാള സാഹിത്യ അക്കാദമിയുടെ കലജ്യോതിസ് പുരസ്കാരവും അശ്വതിക്ക് ലഭിച്ചു. സ്വകാര്യ കമ്പിനിയിലെ മാനേജരായി ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലും കവിതകളുടെ പണിപ്പുരയിലാണ് അടൂർ പതിനാലാം മൈൽ സ്വദേശി അശ്വതി എസ് അടൂർ.