യു.എസ് തീരുവ പ്രതിസന്ധി: കേന്ദ്രത്തിന് നിവേദനം നൽകുമെന്ന് പി. രാജീവ്
ബദൽ വിപണികൾ കണ്ടെത്താൻ ആഹ്വാനം
കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കയറ്റുമതി കേന്ദ്രീകൃത വാണിജ്യ മേഖലയിലെ പ്രതിനിധികളുമായി സംസ്ഥാന വ്യവസായ വകുപ്പ് ചർച്ച നടത്തി. കയറ്റുമതി മേഖലയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതികളുണ്ടെങ്കിലും കയറ്റുമതി മേഖലയുടെ ആവശ്യങ്ങളറിഞ്ഞ് സർക്കാർ പ്രവർത്തിക്കും. ആഭ്യന്തര വിപണിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. ലോക കേരള സഭയുമായി ചേർന്ന് പുതിയ വിദേശ വിപണി കണ്ടെത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ തീരുവ പ്രതിസന്ധി ഗുരുതരമാണെന്ന് വ്യവസായികൾ പറഞ്ഞു. ബദൽ വിപണികൾ കണ്ടെത്തി വളർച്ച തുടരണം. എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ മാതൃകയിൽ സംസ്ഥാനത്തും സംവിധാനം ഒരുക്കണം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉത്‌പന്നങ്ങളുടെ നികുതി നാല് ശതമാനമാക്കിയാൽ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെന്ന് കയറ്റുമതിക്കാർ പറഞ്ഞു.
കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ഹാൻഡ്‌ലൂം ഡയറക്ടർ ഡോ.കെ.എസ്. കൃപകുമാർ, വ്യവസായവകുപ്പ് അഡിഷണൽ ഡയറക്ടർ ജി. രാജീവ്, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.