ലഹരിയിൽ കുടുങ്ങി ജില്ല
ഏഴു മാസത്തിനിടെ
700 അറസ്റ്റ്
കൊല്ലം: ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ പിടിയിലാകുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ജനുവരി ഒന്ന് മുതൽ കഴിഞ്ഞ 8 വരെ എക്സൈസിന്റെ നേതൃത്വത്തിൽ 6595 റെയ്ഡുകൾ നടന്നു. കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പടെ 676 എൻ.ഡി.പി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 740 പ്രതികളിൽ 700 പേരെ അറസ്റ്റ് ചെയ്തു. 146.9കിലോ കഞ്ചാവ് പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി 89 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
വിവിധ കേസുകളിലായി ജില്ലയിൽനിന്ന് 6.40 ഗ്രാം ഹെറോയിൽ, 380.4 ഗ്രാം എം.ഡി.എം.എ, 32.4 ഗ്രാം മെത്താഫെറ്റാമിൻ, 186.5 ഗ്രാം നൈട്രോസെപാം ഗുളിക, 2 ഗ്രാം ബ്യൂപ്രെനോർഫിൻ ഗുളിക, 0.08 ഗ്രാം എൽ.എസ്.ഡി, 41.13 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. ഇതിന് പുറമെ 937 അബ്കാരി കേസുകളും 5,722 കോട്പ കേസുകളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ എൺപത് ശതമാനവും യുവാക്കളാണെന്ന് എക്സൈസ് പറയുന്നു.
ലഹരിക്കെതിരെ എക്സൈസും പൊലീസും നിരവധി പദ്ധതികൾ ആവിഷകരിച്ചിട്ടുണ്ടെങ്കിലും പരിശോധനകളിൽ പിടിയിലാകുന്നവരുടെ എണ്ണം കുറയുന്നില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് ജില്ലയിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നത്. കൗൺസലിംഗിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണെന്നും അധികൃതർ പറയുന്നു.
വിളിക്കാം
വിവരം നൽകാൻ: 9061178000
പരാതികൾ അറിയിക്കാൻ: 155358 (ടോൾഫ്രീ നമ്പർ)
സ്വഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ: 9656178000 (നേർവഴി)
ചികിത്സയ്ക്കും കൗൺസലിംഗിനും: 14405 ( വിമുക്തി)
കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസ്: 0474-2745648
കേരള പൊലീസിന്റെ യോദ്ധാവ്: 9995966666 (വാട്സ് ആപ്പ് നമ്പർ)
പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ട്. ലഹരി സംബന്ധമായ വിവരങ്ങൾ ലഭിച്ചാൽ എത്രയും പെട്ടെന്ന് അറിയിക്കണം.
എക്സൈസ് അധികൃതർ