ശബരി റെയിലിന് ഗ്രീൻ സിഗ്നൽ: ഭൂമി കിട്ടിയാൽ നിർമ്മാണം തുടങ്ങാമെന്ന് റെയിൽവേ 

Tuesday 12 August 2025 1:12 AM IST

തിരുവനന്തപുരം: മദ്ധ്യകേരളത്തിന്റെ വികസനത്തിന് ഉതകുന്ന ശബരി റെയിലിന് റെയിൽവേയുടെ ഗ്രീൻസിഗ്നൽ. സംസ്ഥാനം ഭൂമിയേറ്റെടുത്താലുടൻ നിർമ്മാണം ആരംഭിക്കുമെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ വിവേക് കുമാർ ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകിന് കത്ത് നൽകി.

കേരളം ഉറപ്പ് നൽകിയ പകുതി തുകയിൽനിന്നുള്ള വിഹിതം സ്ഥലമെടുക്കാൻ വിനിയോഗിക്കാം.

2019ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് ഭൂമിയേറ്റെടുത്താലുടൻ പിൻവലിക്കുമെന്നും ഉറപ്പുനൽകി. അടിയന്തര നടപടികളെടുക്കാൻ ദക്ഷിണറെയിൽവേ ജനറൽമാനേജർക്കും റെയിൽവേബോർഡ് കത്തയച്ചിട്ടുണ്ട്.

111കിലോമീറ്റർ ശബരിപാതയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1400കോടിയോളം കേരളം മുടക്കേണ്ടിവരും. എറണാകുളത്ത് 152ഹെക്ടറിൽ 24.4ഹെക്ടർ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. ഇടുക്കിയിൽ മുഴുവൻ ഭൂമിയും കോട്ടയത്തെ 2വില്ലേജുകളിലും ഏറ്റെടുക്കേണ്ട ഭൂമികല്ലിട്ട് തിരിച്ചിട്ടുണ്ട്. 1997-ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയിൽ ഏഴുകിലോമീറ്റർ ട്രാക്കും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകേയുള്ള പാലവും പണിതു. 286 കോടി ചെലവഴിച്ച ശേഷമാണ് നിർമാണം നിലച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ജൂണിൽ നടത്തിയ കൂടിക്കാഴ്ചയിൽ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു.

ഉപാധിയില്ലാതെ

പണം മുടക്കണം

1. പദ്ധതിച്ചെലവായ 3800.93കോടിയുടെ പകുതിയായ 1900.47കോടി കേരളം നൽകണമെന്നാണ് കേന്ദ്രനിർദ്ദേശം. ഇത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയിട്ടുണ്ട്.

2.പകുതിചെലവിന് ഉപാധിവയ്ക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചതെന്നതിനാൽ തീരുമാനം മാറ്റാനും മന്ത്രിസഭാതീരുമാനം വേണ്ടിവരും.