തീരമേഖലയിൽ ലഹരി ടൈഡോൾ ഗുളിക
കൊല്ലം: ജില്ലയുടെ തീരമേഖലയിൽ ലഹരിക്കായി വേദന സംഹാരിയായ ടൈഡോൾ ടാബ്‌ലെറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ. തീരത്തെ ഒഴിഞ്ഞ പ്രദേശങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പനയും ഉപയോഗവും. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിരീക്ഷണം ശക്തമാക്കി.
പൊലീസും എക്സൈസും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ജില്ലയുടെ തീരമേഖലയിൽ നടത്തിയ പരിശോധനയിൽ ഒന്നര വർഷത്തിനകം ഇരുപതിനായിരത്തോളം ടൈഡോൾ ടാബ്‌ലെറ്റുകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ടൈഡോൾ ടാബ്‌ലെറ്റ് ലഭിക്കൂ.
ഇത് മുതലെടുത്ത് സ്ട്രിപ്പിന് 60 രൂപ മാത്രമുള്ള ടാബ്‌ലെറ്റ് 1500 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. ഉറവിടം കണ്ടെത്താനായി അടുത്തിടെ മെഡിക്കൽ സ്റ്റോറുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് വലിയളവിൽ എത്തിച്ച് വിൽക്കുന്നുവെന്നാണ് നിഗമനം.
എല്ലാമാസവും കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന എൻകോർഡ് യോഗത്തിൽ അടുത്തിടെ തീരമേഖലയിലെ ടൈഡോളിന്റെ ഉപയോഗം ചർച്ചയായിരുന്നു. തുടർന്ന് കർശന നടപടിക്ക് എക്സൈസിനും പൊലീസിനും ഡ്രഗ്സ് കൺട്രോൾ വകുപ്പിനും കളക്ടർ നിർദ്ദേശം നൽകിയിരുന്നു.
വെള്ളത്തിൽ അലിയിച്ച് കുത്തിവയ്ക്കും
ടൈഡോൾ ടാബ്‌ലെറ്റുകൾ വെള്ളത്തിൽ അലിയിച്ച് സിറിഞ്ചിൽ നിറച്ച് ഞരമ്പിൽ കുത്തിവയ്ക്കുന്നതാണ് രീതി. ടൈഡോൾ സ്ഥിരമായി ഉപയോഗിച്ച യുവാക്കൾ മറ്റ് പല രോഗങ്ങളും ബാധിച്ച് മരിച്ച സംഭവങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വില്പന തീരമേഖലയിലെ ഒഴിഞ്ഞയിടങ്ങളിൽ
ഗുരുതരമായ പാർശ്വഫലങ്ങൾ
ഭ്രമാത്മകത, ബലഹീനത, മയക്കം
പിടിച്ചെടുത്തത്
20,000ന്
മുകളിൽ
ലഹരിക്കായുള്ള നെട്ടോട്ടത്തിലാണ് പുതുതലമുറ ടൈഡോൾ അടക്കമുള്ള വേദനസംഹാരികൾ ഉപയോഗിക്കുന്നത്. ജില്ലയുടെ തീരമേഖലയിൽ നിരീക്ഷണം ശക്തമാക്കി.
ഡോ. അജയ് ജോസഫ് കുര്യൻ,
അസി. ഡ്രഗ്സ് കൺട്രോളർ, സൗത്ത് സോൺ