വാൽക്കുളമ്പ് പനങ്കുറ്റി റോഡിൽ വർഷങ്ങളായി ദുരിതയാത്ര
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ വാൽക്കുളമ്പ്-പനങ്കുറ്റി 'ഓഫ് റോഡ് ' സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ റോഡാണെന്ന് അനുഭവസ്ഥർ പറയും. റോഡ് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കോരഞ്ചിറ-പന്തലാം പാടം മലയോര ഹൈവേയുടെ ഭാഗമായ ഈ റോഡിലെ കുഴികളിൽ ചാടിയും ഇളകിക്കിടക്കുന്ന കല്ലു കളിൽ തെന്നിയും നിയന്ത്രണം തെറ്റി മറിഞ്ഞേക്കുമെന്നാണ് റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ പേടി. വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ നല്ലൊരു തുക ചെലവാ ക്കേണ്ടിവരുന്നതിന്റെ പ്രയാസത്തിലാണ് ഓട്ടോറിക്ഷക്കാരും സ്വകാര്യ ബസുടമകളും. തകർച്ച രൂക്ഷമായ പാതയിൽ കഴിഞ്ഞ പത്ത് വർഷമായി ദുരിതം സഹിക്കുകയാണ് യാത്രക്കാർ. റോഡിലൂടെ നടന്നു പോകാൻ പോലും എളുപ്പമല്ല. റോഡ് എന്ന് ശരിയാകുമെന്ന് ആർക്കും അറിയില്ല. വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കേണ്ടിവരുന്ന തുക കൂടിയാൽ ഇതുവഴിയുള്ള സർവീസുകൾ നിറുത്തി വെയ്‌ക്കേണ്ടിവരുമെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. മൂന്ന് ബസുകളാണ് പനങ്കുറ്റിയിലേക്ക് സർവീസ് നടത്തുന്നത്. ഓട്ടോറിക്ഷക്കാർ വരാൻ മടിക്കുന്ന സാഹചര്യവുമുണ്ട്. റോഡ് നന്നാക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി. ഇത്തവണത്തെ മഴയിൽ തകർച്ച രൂക്ഷമായതിനെത്തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ ക്വാറിയവശിഷ്ടമിട്ട് കുഴികളടച്ചതാണ് ഏകനടപടി. ക്വാറിയവശിഷ്ടം ഇളകി പല ഭാഗങ്ങളും വീണ്ടും തകർന്നു തുടങ്ങിയിട്ടുണ്ട്. പത്ത് വർഷമായിട്ടും റോഡ് നവീകരിക്കാത്തതിനുപിന്നിൽ രാഷ്ട്രീയവിവേചനമുണ്ടന്നും ആരോപണമുണ്ട്. റോഡ് നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷവും പഞ്ചായത്തിൽ നിന്ന് പത്ത് ലക്ഷവും വകയിരുത്തിയിട്ടുണ്ടെന്നും മഴ മാറിയാൽ ഉടനെ ജോലികൾ ആരംഭിക്കുമെന്നും കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ പറഞ്ഞു. രാഷ്ട്രീയ വിവേചനമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പനംകുറ്റിയിൽ ഒരു കോടിയിലേറേ രൂപയുടെ വികസനം നടപ്പാക്കിയിട്ടുണ്ടെന്നും കവിത മാധവൻ പറഞ്ഞു.