കുട്ടികൾക്ക് പീഡനം: പ്രീ പ്രൈമറി അദ്ധ്യാപികയെ പിരിച്ചുവിട്ടു

Tuesday 12 August 2025 2:05 AM IST

കൊല്ലം: കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന കാരണം കാണിച്ച് തലവൂർ ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപികയെ പിരിച്ചുവിട്ടു. ചന്ദനത്തോപ്പ് തടത്തിൽ വീട്ടിൽ സ്മിജ സുരേഷിനെയാണ് പിരിച്ചുവിട്ടത്.

8ന് ചേർന്ന പി.ടി.എ എക്സി.കമ്മിറ്റി തീരുമാനപ്രകാരം പി.ടി.എ പ്രസിഡന്റാണ് പിരിച്ചുവിടൽ ഉത്തരവ് നൽകിയത്. 2024 ഡിസംബർ 11 മുതൽ സ്മിജ സുരേഷ് ഇവിടെ ജോലി ചെയ്തുവരികയാണ്. പി.ടി.എ നൽകുന്ന 12,500 രൂപയാണ് വേതനം. അദ്ധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ലെന്നാണ് പി.ടി.എയുടെ വിശദീകരണം.

അദ്ധ്യാപികയ്ക്കെതിരെയുള്ള കുറ്റങ്ങൾ

 ക്ളാസ് സമയത്ത് ഫോണിന്റെ അമിത ഉപയോഗം

 പരാതി പറയുന്ന രക്ഷിതാക്കളെ ജയിലിൽ അടയ്ക്കുമെന്ന് കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തൽ

 വർണക്കൂടാരം പദ്ധതിയുടെ അക്കാഡമിക് പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല

 വിദ്യാർത്ഥികൾ പോകും മുമ്പ് സ്കൂളിൽ നിന്ന് പോകുന്നു

 സ്മാർട്ട് ക്ളാസ് റൂം ഉപയോഗപ്പെടുത്തുന്നില്ല

സ്കൂളിലെ മറ്റൊരു അദ്ധ്യാപിക കുട്ടിയെ അടിക്കുന്നത് ഞാൻ ചിത്രമെടുത്ത് പ്രഥമാദ്ധ്യാപികയെ കാണിച്ചിരുന്നു. അതിന്റെ പേരിലുണ്ടാകുന്ന പീഡനങ്ങളാണിത്. ഞാൻ തെറ്റുകാരിയല്ല.

സ്മിജ സുരേഷ്