64കാരന്റെ വൃക്കയില്‍ ട്യൂമര്‍; നീക്കം ചെയ്തത് 22 സെന്റിമീറ്റര്‍ മുഴ 

Tuesday 12 August 2025 1:10 AM IST

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയിലൂടെ 64കാരന്റെ വൃക്കയില്‍ നിന്ന് 22സെന്റി മീറ്റര്‍ വലുപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്ത് പുതുചരിത്രമെഴുതി കാക്കനാട് സണ്‍റൈസ് ആശുപത്രി. സണ്‍റൈസിലെ യൂറോളജി, മിനിമല്‍ ആക്സസ് സര്‍ജറി വിഭാഗങ്ങള്‍ സംയുക്തമായിട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

രോഗിയുടെ പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ഓപ്പണ്‍ സര്‍ജറിക്ക് പകരം കീഹോള്‍ സര്‍ജറി ചെയ്തത്. ഡോ. പ്രശാന്ത് ( മിനിമല്‍ ആക്സസ് സര്‍ജറി), ഡോ. മഹേഷ്, ഡോ. ആദില്‍ (യൂറോളജി), ഡോ. ഷാജി (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിലാണ് ചെറിയ മുറിവിലൂടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്യൂമര്‍ പുറത്തെടുത്തത്.

നിലവിലുള്ള മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ കീഹോള്‍ സര്‍ജറിയിലൂടെ വൃക്കയില്‍ നിന്നും നീക്കം ചെയ്ത ഏറ്റവും വലിയ ട്യൂമറിന്റെ വലിപ്പം 21സെന്റീമീറ്റര്‍ ആണ്. ചരിത്രത്തില്‍ ഇടം നേടിയ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും അവര്‍ക്കു പിന്തുണ നല്‍കിയ നഴ്സുമാര്‍ അടക്കുള്ള ജീവനക്കാരെയും അഭിനന്ദിക്കുന്നതായി സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാന്‍, മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് എന്നിവര്‍ പറഞ്ഞു.