നീറ്റ് പി.ജി ഫലം സെപ്തംബർ മൂന്നിന്

Tuesday 12 August 2025 2:11 AM IST

ഡോ.ടി.പി.സേതുമാധവൻ

ആഗസ്റ്റ് മൂന്നിന് നടന്ന നീറ്റ് പി.ജി മെഡിക്കൽ ഫലം സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. രാജ്യത്തെ സർക്കാർ,സ്വാശ്രയ,ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/എം.എസ്/ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പി.ജി റാങ്ക്‌ ലിസ്റ്റിൽ നിന്നാണ്. 160888 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ ഒറ്റ ഷിഫ്റ്റായി നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് നടത്തിയത്. കട്ട് ഓഫ് മാർക്ക് 250ൽ ഒതുങ്ങാനാണ് സാദ്ധ്യത. കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് മൊത്തം 800 മാർക്കാണ്. കൗൺസിലിംഗ് നടപടികൾ സെപ്തംബർ മൂന്നാമത്തെ ആഴ്ച ആരംഭിക്കും. www.natboard.edu.in

ആയുഷ് യു.ജി പ്രവേശന നടപടികൾ 28 മുതൽ

അലൈഡ് ഹെൽത്ത് ബിരുദ കോഴ്‌സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി (AACCC) 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള പ്രവേശന നടപടികൾ 28ന് ആരംഭിക്കും. www.aaccc.gov.in രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിംഗും നടത്താം. ആയുർവേദ,യുനാനി,സിദ്ധ,ഹോമിയോപ്പതി,യോഗ & നാച്ചുറോപ്പതി,സോവ റിഗ്പ കോഴ്‌സുകളിലേക്ക് പ്രവേശനം നീറ്റ് യു.ജി 2025 റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

29 മുതൽ സെപ്തംബർ 2വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം. സെപ്തംബർ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ആദ്യറൗണ്ടിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ 6-11നകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. രണ്ടാം റൗണ്ട് പ്രവേശന നടപടികൾ സെപ്റ്റംബർ 18മുതൽ 23 വരെയും മൂന്നാം റൗണ്ട് ഒക്ടോബർ 9 മുതൽ 14 വരെയും നടക്കും. ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രെറൗണ്ടും നടക്കും. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറാണ് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് അലോട്ട്‌മെന്റ് നടത്തുന്നത്.

ഷെവനിംഗ് ഇന്ത്യ സൈബർ സെക്യൂരിറ്റി ഫെലോഷിപ്പ് പ്രോഗ്രാം

യു.കെയിലേക്കുള്ള ഷെവനിംഗ് ഇന്ത്യ സൈബർ സെക്യൂരിറ്റി ഫെലോഷിപ്പ് പ്രോഗ്രാം 2026- 27ന് അപേക്ഷിക്കാം. യു.കെ ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റാണ് ഫെലോഷിപ്പനുവദിക്കുന്നത്. സെലക്ഷൻ ലഭിക്കുന്നവർക്ക് ക്രാൻഫീൽഡ് യൂണിവേഴ്‌സിയിൽ ഉപരിപഠനം നടത്താം. 10 ആഴ്ചയാണ് കാലയളവ്. www.chevening.org.