സ്വകാര്യ ബസുകൾക്ക് ജിയോ ഫെൻസിംഗ്

Tuesday 12 August 2025 1:15 AM IST

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ ബസ് സ്റ്റോപ്പുമായി ബന്ധിപ്പിച്ച് ജിയോ ഫെൻസിംഗ് എർപ്പെടുത്താൻ ട്രാൻസ്പോർട്ട് അതോറിട്ടി യോഗം തീരുമാനിച്ചു.

പാലക്കാട്- ആലത്തൂർ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയം കണ്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

ബസുകൾ ഓരോ സ്റ്റോപ്പിലും എത്തേണ്ട സമയം ജിയോ ഫെൻസിംഗിലൂടെ കണ്ടെത്താനാകും. നഗര പ്രദേശങ്ങളിൽ അഞ്ച് മിനിട്ടും ഗ്രാമപ്രദേശങ്ങളിൽ 10 മിനിട്ടും വ്യത്യാസത്തിലാണ് സർവീസ് നടത്തേണ്ടതെന്നാണ് നിയമം. അതു പാലിക്കാത്തത് പലപ്പോഴും സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനു മുമ്പ് ബസ് സ്റ്റോപ്പിൽ എത്തിയാൽ വേണമെങ്കിൽ ഉടമയ്ക്ക് ‌ഡ്രൈവറിൽ നിന്നും പിഴ ഈടാക്കാനാകും.

സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് നൽകുമ്പോൾ ബസും പുതിയതായിരിക്കണമെന്ന വ്യവസ്ഥ ഉൾക്കൊള്ളിക്കാനും തീരുമാനമായി. പഴയ ബസുകൾക്ക് അപകട സാദ്ധ്യത കൂടുതലാണ് എന്നതാണ് കാരണം. ടൂറിസം മേഖലയിൽ റെന്റ് എ കാർ, റെന്റ് എ ബൈക്ക് പദ്ധതിക്ക് കൂടുതൽ പേർക്ക് ലൈസൻസ് അനുവദിക്കും. അഞ്ച് ബൈക്കും 50 കാറും ഉള്ളവർക്ക് അനുമതി ലഭിക്കും.