'വിഭജന ഭീകരതാ ഓർമ്മദിനം’ നടപ്പില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യദിന തലേന്ന് സംസ്ഥാനത്തെ സർവകലാശാലകളിൽ ‘വിഭജന ഭീകരതാ ഓർമ്മദിനം’ ആചരിക്കണമെന്ന ഗവർണർ ആർ.വി ആർലേക്കറുടെ നിർദ്ദേശം സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജൻഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു അജൻഡ നടപ്പാക്കാനുള്ള വേദിയായി സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ല. സംഘപരിവാർ അജൻഡകൾക്ക് അനുസൃതമായ നിർദ്ദേശം രാജ്ഭവനിൽ നിന്നും പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. വി.സിമാർക്ക് ദിനാചരണ നിർദ്ദേശം നൽകിയ ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോൾ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്‌ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് വിഭജനഭീതിയുടെ ഓർമ്മ ദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മാഗാന്ധിയെ ഉൾപ്പെടെ അപഹസിച്ചവരാണ് സംഘപരിവാർ മുഖ്യമന്ത്രി പറഞ്ഞു.