സാങ്കേതിക യൂണി. ഭരണസ്തംഭനം: വി.സി ഹൈക്കോടതിയിൽ 

Tuesday 12 August 2025 2:28 AM IST

കൊച്ചി: എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഗവ. സെക്രട്ടറിമാർ വിട്ടുനിൽക്കുന്നത് ഭരണസ്തംഭനത്തിന് കാരണമായെന്ന് വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദ് ഹൈക്കോടതിയെ അറിയിച്ചു. ഒമ്പതു പേരുള്ള സിൻഡിക്കേറ്റിന്റെ യോഗത്തിൽ നിന്ന് സർക്കാർ നിർദ്ദേശപ്രകാരം ധനകാര്യ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സ്ഥിരമായി വിട്ടുനിൽക്കുന്നതിനാൽ ക്വാറം തികയാതെ യോഗം പിരിയേണ്ടി വരുന്നതായി ഹർജിയിൽ പറയുന്നു. ഇക്കാരണത്താൽ ബഡ്ജറ്റ് പാസാക്കാനോ സാമ്പത്തിക ഇടപാടുകൾ നടത്താനോ കഴിയുന്നില്ല. പണം അടയ്‌ക്കാത്തതിനാൽ ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടേക്കാം. സിൻഡിക്കേറ്റ് യോഗം നാളെ നടക്കാനിരിക്കെ എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കാൻ കോടതി ഉത്തരവിടണമെന്നാണ് ആവശ്യം. ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ഇന്നു പരിഗണിക്കും.