വികസനം കാത്ത് നിളയോര പാത ടൂറിസം പ്രദേശം

Tuesday 12 August 2025 1:52 AM IST

പൊന്നാനി: പൊന്നാനിയുടെ ടൂറിസം മാപ്പിലെ സഞ്ചാരികളുടെ ആകർഷണമാണ് നിളയോര പാത. എന്നാൽ വികസനവും സൗകര്യങ്ങളുമില്ലാത്തത് സഞ്ചാരികൾക്കു തിരിച്ചടിയാണ്. ഏഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന മികച്ച ടൂറിസം കേന്ദ്രമാണ് നിളയോര പാത. ചമ്രവട്ടം കടവ് മുതൽ പൊന്നാനി ഹാർബർ വരെ നിലവിൽ നീണ്ടുകിടക്കുന്ന പാത. ഭാരതപുഴ അറബികടലിൽ പതിയുന്ന അഴിമുഖ സൗന്ദര്യം കാണാം. കാഴ്ചകൾ ഏറെയുണ്ടെങ്കിലും അസൗകര്യങ്ങളുടെ കണക്കാണ് ടൂറിസ്റ്റുകൾ നിരത്തുന്നത്. കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന നിളയോര പാതയിൽ രാത്രിയിൽ യാത്ര ചെയ്യണമെങ്കിൽ അരികത്തുള്ള കടകളിലെ വെളിച്ചം തന്നെയാണ് ഏക ആശ്രയം. പാതയുടെ പലഭാഗത്തും ആവശ്യത്തിന് തെരുവ് വിളക്കുകൾ ഇല്ലാത്തത് കാൽനട യാത്രക്കാരെയും വാഹനയാത്രക്കാരേയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നു.പുഴയുടെ സമീപത്തായി സുരക്ഷാഭിത്തി ഇല്ലാ. അമിത വേഗത്തിൽ വാഹനങ്ങൾ പോകുന്നതും സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നതും കൃത്യമായ വേഗനിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മ കാണിക്കുന്നു. മഴക്കാലം എത്തിയതോടെ പലപ്പോഴും ഇരുട്ടിൽ വേണം പാതയിലൂടെ രാത്രിയിൽ യാത്ര ചെയ്യാൻ. നിലവിൽ ഒരുപാട് സഞ്ചാരികൾ എത്തുന്ന ഇവിടെ പലർക്കും ഇരിക്കുന്നതിന് വേണ്ട സൗകര്യം കുറവാണ് പലരും പുഴയുടെ അരികത്തായാണ് പലപ്പോഴും ഇരിക്കുന്നത്. പലയിടതായി ഇരിപ്പിടങ്ങൾ ഒരുക്കിയാൽ കുടുംബത്തോടൊത്ത് പലർക്കും ഇവിടെ ഇരിക്കാം. മഴ പെയ്താൽ നനയുകയല്ലാതെ ഇവിടെയും മറ്റ് മാർഗങ്ങൾ ഇല്ല.ഇവിടെ ഉള്ള ടോയ്ലറ്റ് കോംപ്ലക്സ് പലപ്പോഴും പകൽ സമയത്ത് തുറന്ന് പ്രവർത്തിക്കാറുമില്ല. ഇതും സഞ്ചാരികൾക്ക് വലിയ തിരിച്ചടിയാണ്

ആരംഭിക്കണം ജങ്കാർ സർവീസ്

നിളയോര പാതയിലെ ടൂറിസം വളർച്ചക്ക് ഏറെ സഹായകരമാകുന്ന ഒന്നാണ് നിലവിൽ സർവീസ് നിർത്തിവെച്ച പൊന്നാനി പടിഞ്ഞാറേക്കര ജങ്കാർ സർവീസ് തിരൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്നും ഒരുപാട് സഞ്ചാരികൾ അവധി ദിനങ്ങളിൽ ഇങ്ങോട്ട് വരുന്നതിന് ഈ ജങ്കാർ സർവീസ് ഉപകാരമാകും

ആരംഭിക്കണം നിളകലാഗ്രാമവും മറൈൻ മ്യൂസിയവും

നാളേറയായ് പറഞ്ഞു കേൾക്കുന്ന കാര്യമാണ് നിളയോര പാതയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്ന നിളകലാ ഗ്രാമവും മറൈൻ മ്യൂസിയവും പക്ഷെ രണ്ട് പദ്ധതികളും പ്രവർത്തനം നാളുകളായിട്ടും തുടങ്ങിയിട്ടില്ല നിളകലാ ഗ്രാമം നിലവിൽ നിർമ്മാണ പ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴി വെയ്ക്കുന്ന മറൈൻ മ്യൂസിയം പദ്ധതി യാതൊരു പുരോഗമനവുമില്ലാതെ വർഷങ്ങളായി കെട്ടിട നിർമ്മാണത്തിൽ ഒതുങ്ങി നിൽക്കുകയാണ് പദ്ധതി യഥാർഥ്യമാകുമെന്ന് പോലും യാതൊരു ഉറപ്പുമില്ല ഒരുപക്ഷെ മറൈൻ മ്യൂസിയം യാഥാർഥ്യമായാൽ ചാവക്കാട് തൃശൂർ ജില്ലകളിൽ നിന്ന് പോലും ഇങ്ങോട്ട് സഞ്ചാരികളുടെ വലിയ ഒഴുക്ക് ഉണ്ടാകും.

സോളാർ ബോട്ടും കനോലി കനാലും

പ്രഖ്യാപിക്കപ്പെട്ട് നടപ്പിലാവാത്ത മറ്റൊരു പദ്ധതിയാണ് പൊന്നാനിയിലെ കനോലി കനാൽ വഴി അണ്ടത്തോട് മുതൽ ഹാർബർ വരെയുള്ള പതിനൊന്നു കിലോമീറ്റർ നീളുന്ന സോളർ ബോട്ട് പദ്ധതി. ഇതിന് വേണ്ടി കനോലി കനാലിലെ മണ്ണ് നീക്കി ആഴം കൂട്ടിയെങ്കിലും പദ്ധതി പിന്നെ എവിടെയും കേട്ടുകണ്ടില്ല. ഈ പദ്ധതി നടപ്പിലായാൽ പുന്നയൂർക്കുളം. ആൽത്തറ.കുന്നംകുളം തുടങ്ങി തൃശൂർ ജില്ലയിൽ സ്ഥലങ്ങളിൽ നിന്ന് പോലും ഇങ്ങോട്ട് ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകും. ഒപ്പം സോളാർ ബോട്ട് സർവീസ് നിളയോര പാതയിലേക്ക് കൂടി നീട്ടിയാൽ അത് ടൂറിസം രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും.

നിളയോര പാത