ഒരു പതിറ്റാണ്ടു നീണ്ട പ്രണയക്കഥ, അഞ്ചു മക്കളെ സാക്ഷിയാക്കി റൊണാൾഡോയ്ക്ക് മാംഗല്യം

Tuesday 12 August 2025 11:19 AM IST

റിയാദ്: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി‌ ജോർജിന റോഡ്രിഗസും വിവാഹിതരാകുന്നു. വജ്ര മോതിരമണിഞ്ഞ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ജോർജിനയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ വാർത്ത പങ്കുവച്ചത്.

എന്നാൽ വിവാഹം എപ്പോഴാണെന്ന് ദമ്പതികൾ പ്രഖ്യാപിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് ഇവരുടെ വിവാഹത്തിനായി കാത്തിരിക്കു‌ന്നത്.

2016ൽ റൊണാൾഡോ റയൽ മാഡ്രിന്റെ താരമായിരുന്നപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് 2017ന്റെ തുടക്കത്തിലാണ് അവർ തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കുന്നത്. ജോർജിന മാഡ്രിഡിലെ ഒരു ഗൂച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നപ്പോൾ മുതൽ ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്.

2010ൽആദ്യബന്ധത്തിൽ ജനിച്ച കുട്ടിയുൾപ്പെടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ചുമക്കളും ഇവർക്കൊപ്പമാണ് കഴിയുന്നത്. ഇതിൽ രണ്ടുപേർ വാടക ഗർഭപാത്രത്തിലാണ് ജനിച്ചത്.

40 കാരനായ റൊണാൾഡോ നിലവിൽ സൗദി പ്രോ ലീഗിൽ അൽ നാസ്ർ ക്ലബിനുവേണ്ടിയാണ് കളിക്കുന്നത്. കുടുംബത്തോടൊപ്പം റിയാദിലാണ് താമസം. ജൂണിൽ അൽ നാസ്റുമായ‌ുള്ള കരാർ തീർന്നെങ്കിലും രണ്ട് വർഷം കൂടി സൗദിയിൽ തുടരാനാണ് റൊണാൾഡോയും റോഡ്രിഗ്രസും ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, റോഡ്രിഗ്രസ് മോഡലിംഗ്, ഇൻഫ്ലുവൻസർ എന്നീ നിലകളിൽ തന്റെ കരിയർ കെട്ടിപ്പടുക്കുകയാണ്.