ഇനി അഞ്ച് വർഷങ്ങൾ കൂടി മാത്രം, ഇന്ത്യക്കാർ പേടിപ്പിക്കുന്ന മൂന്ന് രോഗങ്ങൾ ഈ ഭൂമുഖത്തേ ഉണ്ടാകില്ല
ലോകത്ത് സുഖപ്പെടുത്താൻ കഴിയാത്ത നിരവധി രോഗങ്ങളുണ്ട്. എന്നാൽ 2030ഓടെ മനുഷ്യൻ ഏറ്റവും കൂടുതൽ പേടിക്കുന്ന മൂന്ന് രോഗങ്ങൾ പൂർണമായും തുടച്ചുനീക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ രോഗങ്ങളെ അകറ്റി നിർത്തുന്ന ചികിത്സാ രീതി കണ്ടെത്തുമെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്.
2030ഓടെ ക്യാൻസർ, അന്ധത, പക്ഷാഘാതം എന്നിവ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഈ രോഗങ്ങളെ ചെറുക്കുന്നതിന് നൂതന വാക്സിനുകളും ആധുനിക ചികിത്സകളും കണ്ടെത്തിവരികയാണെന്നും ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് അവകാശപ്പെടുന്നത്.
'2030 ആകുമ്പോഴേക്കും ലോകത്ത് നിന്ന് പൂർണമായും തുടച്ചുനീക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് രോഗങ്ങളിൽ ഒന്ന് ക്യാൻസർ ആണ്. ഇനി കീമോതെറാപ്പിയെ മറക്കൂ. ഒരു സെെന്യത്തെ പോലെ ട്യൂമറുകളെ ആക്രമിച്ച് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ വർദ്ധിപ്പിക്കുന്ന 'mRNA' ക്യാൻസർ വാക്സിനുകൾ ഗവേഷകർ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇവയുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ക്യാൻസർ ഇനി ഒരു മാരകരോഗമാകില്ല.
രണ്ടാമത്തേത്, അന്ധത. ജീൻ എഡിറ്റിംഗും സ്റ്റെം സെല്ലുകളും കാരണം റെറ്റിന രോഗങ്ങളുള്ള രോഗികൾക്ക് കാഴ്ച തിരിച്ചുലഭിക്കുന്നുണ്ട്. ഇതിനകം തന്നെ രണ്ട് രോഗികൾക്കാണ് ഇതിലൂടെ വീണ്ടും കാഴ്ച തിരിച്ചുലഭിച്ചത്. കൂടാതെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പാരമ്പര്യമായ അന്ധതയെയും ചെറുക്കാൻ കഴിയും.
മൂന്നാമത്തേത്, പക്ഷാഘാതമാണ്. ചെെനയിൽ പൂർണ പക്ഷാഘാതം ബാധിച്ച രണ്ട് പേരെ ബ്രെയിൻ ഇംപ്ലാന്റുകളും സുഷുമ്‌നാ നാഡി ഉത്തേജനവും സംയോജിപ്പിച്ച് നടത്തിയ ചികിത്സയിൽ വീണ്ടും ഇവർ നടന്നതായി റിപ്പോർട്ടുണ്ട്. ഇതിലൂടെ തലച്ചോർ നേരിട്ട് കാലുകൾക്ക് സിഗ്നലുകൾ നൽകുന്നു. '- മെഡിക്കൽ വിദ്യാർത്ഥിയായ ക്രിസ് ക്രിസാന്തോ അവകാശപ്പെടുന്നു.