ഹോട്ടൽ മുറികളിൽ വെളുത്ത നിറത്തിലെ ബെഡ്‌ഷീറ്റ് ഉപയോഗിക്കുന്നത് എന്തിനാണെന്നോ?

Tuesday 12 August 2025 1:23 PM IST

നേരിട്ടും സിനിമകളിലും മറ്റും കാണുന്ന ഹോട്ടൽ മുറികളിൽ മിക്കവരും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ടാവും, ബെഡ്ഷീറ്റുകളുടെ വെളുത്ത നിറം. നല്ല തൂവെള്ള നിറത്തിലെ ബെഡ്‌ഷീറ്റുകളാണ് മിക്കവാറും ഹോട്ടൽ മുറികളിലും ഉപയോഗിക്കുന്നത്. എന്നാൽ വീടുകളിൽ പല നിറത്തിലെ ബെ‌ഡ്‌‌ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഹോട്ടൽ മുറികളിൽ വെളുത്ത നിറത്തിലെ ബെഡ്‌ഷീറ്റ് ഉപയോഗിക്കുന്നതിന് തക്കതായ കാരണമുണ്ട്. എന്താണെന്ന് അറിയാമോ?

ഹോട്ടൽ മുറിയുടെയും ബെഡ്ഷീറ്റുകളുടെയും ശുചിത്വത്തിൽ ഉറപ്പ് നൽകുകയാണ് വെളുത്ത ബെഡ്‌ഷീറ്റുകൾ പ്രധാനമായും ചെയ്യുന്നത്. ബെഡ്‌ഷീറ്റിൽ അഴുക്കോ കറയോ പറ്റിയിട്ടുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. അതിനാൽതന്നെ അഴുക്കുപുരണ്ട ബെഡ്ഷീറ്റുകൾ മാറ്റി പുതിയത് വിരിക്കാൻ സ്റ്റാഫിനും സാധിക്കുന്നു. കസ്റ്റമറിന് ശുചിത്വമുള്ള ബെഡ്‌ഷീറ്റുകൾ നൽകി വിശ്വാസ്യത ഉറപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. കസ്റ്റമർ സർവീസിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണിത്.

വെളുത്ത നിറം ഇന്റീരിയറിലെ എല്ലാ നിറങ്ങളുമായും യോജിക്കും. ഇത് മുറികൾക്ക് പ്രത്യേക അഴകും ആഡംബരവും നൽകുന്നു. മുറികൾക്ക് ഒരു പ്രൊഫഷണൽ സ്റ്റാൻഡേർഡ് ലുക്ക് നൽകാനും വെളുത്ത ബെഡ്‌ഷീറ്റുകൾക്ക് സാധിക്കും. വെളുത്ത നിറത്തിലെ ബെഡ്‌ഷീറ്റുകൾ ഏത് കാലാവസ്ഥയിലും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. മാത്രമല്ല, നിറം മങ്ങലോ നിറം നഷ്ടമാകലോ ഭയക്കേണ്ടതില്ല.