'സുരേഷ് ഗോപിയും കുടുംബവും ചെയ്‌തത് ക്രിമിനൽ കുറ്റം'; പൊലീസിൽ പരാതി

Tuesday 12 August 2025 2:27 PM IST

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം ടിഎൻ പ്രതാപൻ. കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്‌താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്നാണ് പരാതിയിൽ പറയുന്നത്.

തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്‌തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരനാണ്. സുരേഷ് ഗോപി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് 115-ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്.

വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരനാണെന്ന രേഖയും സത്യ പ്രസ്‌താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിരതാമക്കാരനായ സുരേഷ് ഗോപി, തൃശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാർഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തിൽ ചേർത്തതെന്നും ടിഎൻ പ്രതാപന്റെ പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.