സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്; കൊല്ലത്തും തൃശൂരും വോട്ടർ പട്ടികയിൽ പേര്
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ടെന്ന് റിപ്പോർട്ട്. കൊല്ലം, തൃശൂർ ലോക്‌സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്‌മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേരുകളുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ട്.
എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വോട്ടർപട്ടികയിൽ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും തൃശൂരിലും വോട്ടുണ്ടായിരുന്നു. സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ടുമാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെയാണ് സഹോദരനെതിരെ ഇരട്ട വോട്ട് ആരോപണം വന്നിരിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം ടിഎൻ പ്രതാപൻ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്‌താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്നാണ് പരാതിയിൽ പറയുന്നത്.
തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്‌തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരനാണ്. സുരേഷ് ഗോപി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് 115-ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്.