വനിതാ ഏകദിന ലോകകപ്പ് വേദിയാകാൻ കാര്യവട്ടം, സെമിഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ ഇവിടെ നടക്കും

Tuesday 12 August 2025 4:01 PM IST

തിരുവനന്തരപുരം: സെപ്തംബർ 30 മുതൽ ഒക്ടോബർ 26 വരെ നടക്കാനിരിക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരവും വേദിയാകും. സെമിഫൈനൽ മത്സരങ്ങൾ ഉൾപ്പെടെയാണ് തിരുവനന്തപുരത്ത് നടക്കുക. ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

സെപ്തംബർ 25, 27 തീയതികളിൽ രണ്ട് സന്നാഹ മത്സരങ്ങളും നടത്തും. ഐപിഎൽ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന്, സുരക്ഷാ കാരണങ്ങളാലാണ് മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇന്ന് വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂർ ചടങ്ങ് ഇന്നലെയാണ് മുംബയിൽ ആരംഭിച്ചത്. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഐസിസി ചെയർമാൻ ജയ്ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശാഖപട്ടണം, ഇൻഡോർ, ഗുവാഹത്തി, മുള്ളൻപൂർ (പഞ്ചാബ്) എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലായി എട്ട് ടീമുകളുടെ 31 മത്സരങ്ങളാണ് നടക്കുന്നത്.

വനിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച ഫിനിഷിംഗ് 2017ൽ ഇന്ത്യ ഫൈനലിൽ എത്തിയതായിരുന്നു. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.