'നരേന്ദ്ര മോദിജീ, ദയവായി സഹായിക്കൂ'; പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് അഞ്ചുവയസുകാരി, കത്ത് വൈറൽ

Tuesday 12 August 2025 4:43 PM IST

മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കുമൊക്കെ കത്തയയ്ക്കുന്ന കുട്ടികളെ നമ്മൾ കണ്ടിട്ടുണ്ട്. അഞ്ചുവയസുകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടിയുടെ കത്തിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബംഗളൂരുവിലെ ട്രാഫിക്കിനെക്കുറിച്ചാണ് പെൺകുട്ടി കത്തിൽ പറയുന്നത്. 'നരേന്ദ്ര മോദിജീ, ഇവിടെ വലിയ ട്രാഫിക്കാണ്. സ്‌കൂളിലും ഓഫീസിലുമൊക്കെ പോകാൻ ഞങ്ങൾ ലേറ്റാകുന്നു. റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ദയവായി സഹായിക്കൂ.'- എന്നാണ് കുട്ടിയുടെ കത്തിലുള്ളത്. കുട്ടിയുടെ പിതാവായ അബ്രൂപ് ചാറ്റർജി എക്സിലൂടെ ഇന്നലെയാണ് ഈ കത്ത് പുറത്തുവിട്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആറ് ലക്ഷത്തോളം പേർ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടു. നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ മകളുടെ ആഗ്രഹം സഫലമാകട്ടേയെന്ന് ആശംസിക്കുന്നു', 'അവളുടെ നിഷ്‌കളങ്കത ഏറെ ഇഷ്ടമായി'-ഇങ്ങനെ പോകുന്നു കമന്റുകൾ.