പുതുക്കിപ്പണിത മേലുകര പള്ളിയോടം നാളെ നീറ്റിലിറങ്ങും
പത്തനംതിട്ട : പുതുക്കിപ്പണിത മേലുകര പള്ളിയോടം നാളെ നീറ്റിലിറങ്ങും. ഇതോടെ ആറൻമുളയിലെ ഏറ്റവും നീളമുള്ള പള്ളിയോടമെന്ന ഖ്യാതിയും മേലുകരയ്ക്ക് സ്വന്തം. നാളെ രാവിലെ 9.30നാണ് ചടങ്ങ്. മേലുകര പള്ളിയോട സംരക്ഷണസമിതിയുടെ ഉടമസ്ഥതയിലുള്ള എ ബാച്ച് പള്ളിയോടം 2011ലാണ് പണിതിറക്കിയത്. ചോർച്ച ഉൾപ്പെടെ കേടുപാടുകൾ കണ്ടതിനെ തുടർന്നാണ് പൂർണമായി പുതുക്കി പണിതത്. കരക്കാരുടെ സഹായത്തിൽ ഏകദേശം 40 ലക്ഷം രൂപ ചെലവിലായിരുന്നു നിർമാണം. പുനരുദ്ധാരണശേഷം നീളം 52 കോലായി. അറുപത്തിനാല് അംഗുലം ഉടമയും പതിനാറ് അടി അമരപ്പൊക്കവുമുള്ള പള്ളിയോടം വേഗതകൂടി ലക്ഷ്യമാക്കിയാണ് പുതുക്കിപ്പണിതത്. കൊത്തുപണികൾ ജില്ലയുടെ തനത് കലാരൂപമായ പടയണിയെ അടിസ്ഥാനമാക്കിയാണ്. ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയത്. അഞ്ചുമാസം കൊണ്ട് 800ലധികം തടി തച്ചും 400ലധികം ഇരുമ്പ് തച്ചും മുന്നൂറിലധികം അറപ്പ് തച്ചും ചെയ്താണ് പള്ളിയോടം പുനരുദ്ധരിച്ചത്. മൂന്ന് വലിയ ആഞ്ഞിലിത്തടികൾ ഇതിനുപയോഗിച്ചു. പാല പൂവരിണി, മലയാലപ്പുഴ മുക്കുഴി, മേലുകര എന്നിവിടങ്ങളിൽ നിന്നാണ് ഇതിനുള്ള മരങ്ങൾ കണ്ടെത്തിയത്. അമരം വെള്ളക്കുമ്പിൾ തടി ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. പള്ളിയോട സംരക്ഷണസമിതി സെക്രട്ടറി രാജേഷ്‌കുമാർ, നിർമാണ കമ്മിറ്റി കൺവീനർ അനൂപ് ഉണ്ണികൃഷ്ണൻ, സമിതി ട്രഷറർ ഷാജി ആർ നായർ, മുൻ ക്യാപ്ടൻ മനു വി.പിള്ള, ജ്യോതിഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.