റേഷൻകട പൂട്ടിക്കാൻ എത്തിയ സപ്ളൈ ഓഫീസർ ഫിറ്റ്, കൈയോടെ പൊക്കി നാട്ടുകാർ, ആശുപത്രിയിൽ നിന്നും മുങ്ങാൻ ശ്രമം
കോതമംഗലം: പ്രവർത്തന സമയം പാലിക്കുന്നില്ലെന്ന് കുറ്റംചുമത്തി റേഷൻ കട അടപ്പിക്കാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസറെ കുടുക്കി നാട്ടുകാർ. മദ്യപിച്ചെത്തിയ കോതമംഗലത്തെ സപ്ലൈ ഓഫീസർ ഷിജു പി.തങ്കച്ചനാണ് വെട്ടിലായത്. ചെറുവട്ടൂരിൽ 41-ാംനമ്പർ റേഷൻകടക്കെതിരെ നടപടിയെടുക്കാനാണ് ഇന്നലെ രാവിലെ സപ്ലൈ ഓഫീസർ എത്തിയത്.
കടയ്‌ക്കെതിരെയുള്ള നടപടി പ്രതിരോധിക്കാൻ പ്രദേശവാസികളെത്തിയിരുന്നു. സപ്ലൈ ഓഫീസറുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ആദ്യം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷിജു പി.തങ്കച്ചനെ സ്വകാര്യആശുപത്രിയിൽ പരിശോധന നടത്താൻ ശ്രമിച്ചിരുന്നു. ഇവിടെ വച്ച് മുങ്ങാനുള്ള ശ്രമവും നാട്ടുകാർ പരാജയപ്പെടുത്തി.
ഷിജു പി.തങ്കച്ചനെതിരെ വകുപ്പ് തല അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. സസ്‌പെൻഡ് ചെയ്യുമെന്നാണ് സൂചന. റേഷൻകടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത നടപടിയും പിൻവലിച്ചേക്കും. സപ്ലൈ ഓഫീസറുടെ നടപടികളിൽ പ്രതിഷേധിച്ച് താലൂക്കിലെ റേഷൻ വ്യാപാരികൾ ഇന്ന് സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ നടത്തും.