ഹോട്ടൽ റൂം ബുക്കിംഗിന് കമ്മീഷൻ; 12.93 ലക്ഷം സ്വാഹ !
കൊച്ചി: കൈമാറുന്ന ലിസ്റ്റിലുള്ള ഹോട്ടലുകളിലെ റൂം ബുക്ക് ചെയ്യണം. ഈ സമയം ഹോട്ടലുടമ കൂടിയനിരക്കിൽ ഈ റൂമുകൾ ആവശ്യക്കാർക്ക് നൽകും. അധികമായി കിട്ടുന്ന പണത്തിന് കമ്മിഷൻ. പ്രതിദിനം ഇങ്ങനെ കൈയിലെത്തുക പതിനായിരങ്ങൾ ! സൈബർ തട്ടിപ്പിന്റെ പുതുരീതിയിൽ മയങ്ങിയ എറണാകുളം സ്വദേശിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ. എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പരാതിക്കാരനായ 45കാരനെ വി.ആർ.ബി.ഒ എന്ന കമ്പനിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയാണ് ആദ്യം ചെയ്തത്. ഇതിൽ കൈമാറുന്ന ഹോട്ടലുകളുടെ റൂമുകൾ ബുക്ക് ചെയ്യണം. ഇതിനൊപ്പം മറ്രുപല ടാസ്‌കുകളും നൽകും. അതിനും കമ്മിഷൻ നൽകുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ആദ്യത്തെ റൂം ബുക്കിംഗുകളിൽ ഭേദപ്പെട്ട കമ്മിഷൻ ലഭിച്ചു. വീണ്ടും ടാസ്ക് ലഭിക്കണമെങ്കിൽ പണം നിക്ഷേപിക്കണമെന്ന വ്യവസ്ഥ വച്ചു. നിക്ഷേപവും കമ്മിഷനും തിരികെ കിട്ടുമെന്നായിരുന്നു വാഗ്ദാനം.
ജൂൺ 20 മുതൽ 25 വരെ 12.93 ലക്ഷം 45കാരൻ നിക്ഷേപിച്ചു. പിന്നീട് കമ്മിഷനോ നിക്ഷേപമോ കൂടുതൽ ടാസ്‌കോ ലഭിച്ചില്ല. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ വ്യക്തിയും മുങ്ങി. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഴിഞ്ഞദിവസം 45കാരൻ എളമക്കര പൊലീസിന് പരാതി നൽകുകയായിരുന്നു. വാട്‌സ്ആപ്പ് നമ്പറും കമ്പനിയുടെ അക്കൗണ്ട് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘമാണെന്നാണ് നിഗമനം.