സാങ്കേതിക യൂണി.യിലെ ഭരണ സ്തംഭനം:സർക്കാരിന് നോട്ടീസ്

Wednesday 13 August 2025 12:09 AM IST

□ചാൻസലർക്ക് സിൻഡിക്കേറ്റ് യോഗം വിളിക്കാനാവില്ലേയെന്ന് ഹൈക്കോടതി

കൊച്ചി:സംസ്ഥാന സാങ്കേതിക സർവകലാശാലയിൽ സർക്കാർ പ്രതിനിധികളുടെ നിസ്സഹകരണം കാരണമുള്ള ഭരണ സ്തംഭനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനടക്കം നോട്ടീസയച്ചു. സർവകലാശാലയെ കേസിൽ കക്ഷി ചേർക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചു. എതിർ കക്ഷികൾ 16നകം സത്യവാങ്മൂലം നൽകണം. ഹർജി 19ന് വീണ്ടും പരിഗണിക്കും.

സർക്കാർ പട്ടിക പരിഗണിക്കാതെയാണ് ചാൻസലർ തന്നെ താത്ക്കാലിക വി.സിയായി നിയമിച്ചതെന്നും,ഇതിന്റെ പേരിൽ സർക്കാർ പ്രതിനിധികൾ സിൻഡിക്കേറ്റ് യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.കോടതിയുടെ ഉത്തരവിന് അനുസൃതമായല്ല വി.സിയുടെ നിയമനമെന്നും ,സർക്കാരിന്റെ അഭിപ്രായം തേടിയില്ലെന്നും അഡ്വക്കേറ്റ് ജനറൽ വാദിച്ചു. തർക്കം വി.സിയുടെ കാര്യത്തിലല്ലേ എന്നും, ചാൻസലർക്കു യോഗം വിളിച്ചു കൂട്ടാനാവില്ലേയെന്നും കോടതി ചോദിച്ചു.

സർക്കാർ പ്രതിനിധികളായ ഉന്നത വിദ്യാഭ്യാസ, ധനകാര്യ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും തുടർച്ചയായി സിൻഡിക്കേറ്റ് യോഗങ്ങളിൽ നിന്നു വിട്ടു

നിൽക്കുന്നതായി വി.സി ആരോപിച്ചു. വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകും. സർവകലാശാലയുടെ ബഡ്ജറ്റ് പാസാകാത്തതിനാൽ ജീവനക്കാർക്കു കഴിഞ്ഞ മാസം ശമ്പളം നൽകിയില്ല. വിരമിച്ചവർക്കു രണ്ടു മാസമായി പെൻഷനില്ല.

ബില്ലടയ്‌ക്കാത്തതിനാൽ ഇന്റർനെറ്റ് കണക്‌ഷൻ ഉൾപ്പെടെ വിച്‌ഛേദിക്കപ്പെടാൻ ഇടയുണ്ട്. 13ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ഇവർക്ക് നിർദ്ദേശം നൽകണമെന്നും, വിട്ടു നിൽക്കുന്നത് ഉത്തരവാദിത്വത്തിൽ നിന്നുള്ള വീഴ്ചയായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.