മുത്തൂറ്റ് മൈക്രോഫിന്റെ ആസ്തി 12,252 കോടി രൂപ കവിഞ്ഞു
കൊച്ചി: രാജ്യത്തെ മുൻനിര മൈക്രോഫിനാൻസ് എൻ.ബി.എഫ്. സിയായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12252.8 കോടി രൂപ കവിഞ്ഞു. വായ്പാ അടിത്തറ 34.1 ലക്ഷം രൂപയായി. ഇക്കാളയളവിൽ 1,775.6 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് വനിതാ സംരംഭകർക്ക് മൈക്രോ വായ്പകൾ നൽകുന്ന മുത്തൂറ്റ് മൈക്രോഫിനാൻസ് ആസാമിൽ പുതിയ ശാഖ ആരംഭിച്ച് വടക്കു കിഴക്കൻ ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിച്ചു. 1726 ശാഖകളാണ് നിലവിലുള്ളത്. വസ്തുവിന്റെ ഈടിലുളള മൈക്രോ വായ്പകൾ, സ്വർണ പണയം തുടങ്ങിയ സുരക്ഷിത വിഭാഗം വായ്പകളുടെ രംഗത്തേക്കും സ്ഥാപനം കടന്നിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തന ലാഭം 138.5 കോടി രൂപയാണ്. മൈക്രോഫിനാൻസ് മേഖല മിതമായ വളർച്ചയുടെ ഘട്ടത്തിലൂടെ നീങ്ങുമ്പോഴും ദീർഘകാല മൂല്യം സൃഷ്ടിക്കുന്നതിലും സുസ്ഥിര ചലനങ്ങൾ ഉണ്ടാക്കുന്നതിലുമുള്ള പ്രതിബദ്ധത തുടരുകയാണെന്ന് മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. സ്ഥാപനത്തിന്റെ അടിത്തറ ശക്തമാക്കുന്നതിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലായി ശ്രദ്ധയൂന്നുന്നത്.