'ഇനി ക്യൂ വേണ്ട'; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതിയ സംവിധാനം

Wednesday 13 August 2025 12:18 AM IST

നെടുമ്പാശേരി: വിദേശയാത്രക്കാർക്ക് ക്യൂ ഇല്ലാതെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആഗസ്റ്റ് 15 മുതൽ പുതിയ സൗകര്യം ഒരുങ്ങുന്നു. ബ്യൂറോ ഒഫ് ഇമ്മിഗ്രേഷൻ നടപ്പിലാക്കിയ നൂതന പദ്ധതിയായ ‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് (എഫ്.ടി.ഐ- ടി.ടി.പി) അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് വിമാനത്താവളത്തിലെ ടെർമിനൽ 3 ഡിപ്പാർച്ചർ വെയ്റ്റിംഗ് ഏരിയയിൽ സജ്ജമായത്. നിലവിലുള്ള ഇമ്മിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണിത്. ഈ പ്രോഗ്രാമിലൂടെ ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺഷിപ്പ് (ഒ.സി.ഐ) കാർഡുള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം.

എട്ട് വിമാനത്താവളങ്ങളിൽ മാത്രമുള്ള സൗകര്യം

നിലവിൽ ഈ സംവിധാനം രാജ്യത്തെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമാണുള്ളത്. മുംബയ്, ഡൽഹി, ചെന്നൈ. അഹമ്മദാബാദ്, കൊൽക്കത്ത ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. കുടുംബമൊത്തുള്ള വിദേശയാത്രകളിൽ പ്രവാസികൾക്ക് സംവിധാനം ഏറെ ഗുണമാകും.