സ്പോർട്സ് കൗൺസിലിന്റെ മുറ്റത്ത് ജൂഡോക്കാരുടെ തമ്മിലടി
തലയ്ക്ക് പരിക്കേറ്റ സംസ്ഥാന സെക്രട്ടറി ആശുപത്രിയിൽ
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മുറ്റത്ത് ജൂഡോ അസോസിയേഷൻ ഭാരവാഹികളുടെ തമ്മിലടി. കൗൺസിലിൽ മറ്റൊരു പ്രശ്നത്തിന്റെ ഹിയറിംഗിൽ പങ്കെടുക്കാൻ തൃശൂരിൽ നിന്നെത്തിയ സംസ്ഥാന ടെക്നിക്കൽ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ അസോസിയേഷന്റെ ഭാരവാഹിയും തമ്മിലാണ് കയ്യേറ്റം നടന്നത്. അടികൊണ്ടുവീണ സംസ്ഥാന സെക്രട്ടറിയെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.തലയ്ക്കാണ് പരിക്ക്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ കെ.സി ലേഖയ്ക്കും ഗോപനും മുന്നിൽ ഹിയറിംഗിനായാണ് സംസ്ഥാന സെക്രട്ടറി ജോയ് വർഗീസ് എത്തിയത്. ഹിയറിംഗ് കഴിഞ്ഞ് സഹപ്രവർത്തകനൊപ്പം കൗൺസിൽ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ തന്നെ സ്പോർട്സ് ഡയറക്ടറേറ്റിലെ ജൂഡോ പരിശീലകൻ കൂടിയായിരുന്ന സനോഫർ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി ജോയ് വർഗീസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സനോഫറിനെ ജില്ലാ അസോസിയേഷനിൽ നിന്ന് മാറ്റിയതിലെ മുൻവൈരാഗ്യമാണ് കാരണമെന്നും പരാതിയിലുണ്ട്. തന്നെ ജോയ് വർഗീസ് ആക്രമിച്ചതായി സനോഫറും പരാതി നൽകിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
തങ്ങളുടെ മുന്നിൽ നടന്ന ഈ സംഭവം സംസ്ഥാന സ്പോർട്സ് കൗൺസിലിന് വലിയ നാണക്കേടായിട്ടുണ്ട്. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗംകൂടിയാണ് ജോയ് വർഗീസ്.