ഇന്ത്യൻ ഗണിതശാസ്ത്ര പാരമ്പര്യം പുസ്തകമാക്കാൻ സി.ബി.എസ്.ഇ

Wednesday 13 August 2025 12:27 AM IST

ന്യൂഡൽഹി:ഇന്ത്യയുടെ ഗണിതശാസ്ത്ര പാരമ്പര്യം വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ) പുസ്തകം തയ്യാറാക്കുന്നു.'ഭാരതീയ ഗണിത് പരമ്പര' എന്ന പേരിൽ അച്ചടി,​ഡിജിറ്റൽ രൂപങ്ങളിലാകും പുസ്തകം ലഭ്യമാകുക.ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരുടെ ചരിത്രപരമായ സംഭാവനകളും വിജ്ഞാനലോകത്ത് നൽകിയ സ്വാധീനവും പരിചയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.സി.ബി.എസ്.ഇയിൽ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളിൽ പുസ്തകം വിതരണം ചെയ്യും.പൊതുജനങ്ങൾക്ക് സി.ബി.എസ്.ഇയുടെ ഒദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.ഇന്ത്യയുടെ വിജ്ഞാന പൈതൃകം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.പൗരാണിക കാലം മുതൽ ആധുനിക കാലം വരെ ഗണിതശാസ്ത്ര മേഖലയിലുണ്ടായ സുപ്രധാന സംഭവങ്ങളും പ്രമുഖരായ ഗണിതശാസ്ത്രജ്ഞരുടെ ജീവിതവും ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കും.പൂജ്യം,​ദശാംശം,​ആൾജിബ്ര,​ട്രിഗണോമെട്രി,​ജ്യോമെട്രി,​അരിത്‌മെറ്റിക് പ്രോഗ്രഷൻ തുടങ്ങിയ ആശയങ്ങൾ വികസിച്ചതിനെപ്പറ്റിയും അവ ലോകമെമ്പാടുമുള്ള ഗണിതശാത്രത്തെ സ്വാധീനിച്ചതെങ്ങനെയെന്നും വിശദമായി വിവരിക്കും.'ഭാരതീയ ഗണിത് പരമ്പര' പാഠപുസ്തകത്തിന്റെ ഭാഗമായിരിക്കില്ല.താത്പര്യമുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അധിക പഠനത്തിനായി ഉപയോഗിക്കാം.