ക്രിസ്റ്റ്യാനോയ്ക്ക് കല്യാണമായി
ലിസ്ബൺ : ഏഴുവർഷമായുള്ള പ്രണയിനി ജോർജീന റോഡ്രിഗസിനെ ഔദ്യോഗികമായി വിവാഹം കഴിക്കാൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുങ്ങുന്നു. തങ്ങളുടെ വിവാഹനിശ്ചയം നടന്നതായി ജോർജീന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
2017 മുതൽ ഒരുമിച്ചു താമസിക്കുന്നവരാണ് ക്രിസ്റ്റ്യാനോയും ജോർജീനയും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് മക്കളിൽ രണ്ടു പേർ ജോർജീന റോഡ്രിഗസിൽ പിറന്നതാണ്. 2022 ഏപ്രിലിലാണ് ഇവരുടെ ഇളയ മകളായ ബെല്ല ജനിച്ചത്. ഈ രണ്ടു മക്കൾക്കൊപ്പം ഫുട്ബോളിൽ സജീവമായ ക്രിസ്റ്റ്യാനോ ജൂനിയർ ഉൾപ്പെടെയുള്ള മറ്റു മൂന്നു മക്കളെയും വളർത്തുന്നതും ജോർജീനയാണ്. ഇവരുടെ ഒരുകുട്ടി പ്രസവത്തെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു.
ക്രിസ്റ്റ്യാനോ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ കളിക്കുന്ന കാലത്ത് മാഡ്രിഡിലെ ഒരു ഷോപ്പിൽ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. ഈ ഷോപ്പിലെ ജീവനക്കാരിയായിരുന്നു ജോർജീന. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും വഴിമാറി. സൗദി ക്ളബ് അൽ നസറിലാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ കളിക്കുന്നത്.
43 കോടിയുടെ മോതിരം ?
വിവാഹനിശ്ചയത്തിന് ക്രിസ്റ്റ്യാനോ തന്റെ വിരലിൽ അണിയിച്ച മോതിരത്തിന്റെ ചിത്രം ജോർജീന പങ്കുവച്ചിട്ടുണ്ട്. ഈ വജ്രം പതിപ്പിച്ച മോതിരത്തിന് 25 മുതൽ 43 കോടിവരെ വിലവരുമെന്നാണ് ജുവലറി വിദഗ്ധർ പറയുന്നത്.