കേരള പ്രീമിയർ ചെസ് ലീഗ്: ടീം ലേലം ആഗസ്റ്റ് 15ന്

Tuesday 12 August 2025 11:33 PM IST

തി​രുവനന്തപുരം : സെപ്തംബർ 6,7 തീയതികളിൽ നടക്കുന്ന കേരള പ്രീമിയർ ചെസ് ലീഗ് ടൂർണമെന്റി​ലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ലേലം ആഗസ്റ്റ് 15,16 തീയതികളിൽ തിരുവനന്തപുരത്ത് ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും.കേരളത്തിലെ എല്ലാ ജില്ലകളേയും പ്രതിനിധീകരിച്ച് 14 ടീമുകൾ മാറ്റുരയ്ക്കും. ഗ്രാൻഡ് മാസ്റ്റർമാർ മുതൽ അണ്ടർ-9 പ്രതിഭകൾക്കും വരെ ലേലത്തിൽ പങ്കെടുക്കാം. ഓരോ ജില്ലയ്ക്കും ഓരോ ടീം എന്ന നിലയിലാണ് ലേലം. ഓരോ ടീമിലും 20 സജീവ കളിക്കാരും 5 റിസർവുകളിക്കാരും ഉണ്ടായിരിക്കും. കെ പി സി.എൽന്റെ തീം സോംഗ് ചടങ്ങി​ൽ പ്രശസ്ത ഗായിക ഉഷാ ഉതുപ്പ് ലോഞ്ച് ചെയ്യും.

ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 25ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചെസ് ലീഗ് കാഷ് പ്രൈസാണിത്. ചെസ് ടൂർണമെന്റിനോടൊപ്പം കലാസാംസ്ക്കാരിക മേളയും ഒരുക്കിയിട്ടുണ്ട്. ശിങ്കാരിമേളം, പുലിക്കളി, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, മാർഗം കളി, തെയ്യം, വയലിൻ-ചെണ്ട ഫ്യൂഷൻ എന്നിവ ടൂർണമെന്റ് വേദിയെ ആകർഷകമാക്കും.