9.30ന്റെ വന്ദേഭാരതില്‍ സുരേഷ് ഗോപി തൃശൂരിലെത്തും; വന്‍ സ്വീകരണമൊരുക്കാന്‍ പ്രവര്‍ത്തകര്‍
തൃശൂര്‍: വിവാദങ്ങള്‍ക്കിടെ കേന്ദ്ര മന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി ബുധനാഴ്ച തൃശൂരിലെത്തും. രാവിലെ ഒമ്പതരയുടെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലായിരിക്കും അദ്ദേഹം തൃശൂരിലെത്തുക. റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വീകരണം ഒരുക്കാനാണ് ബിജെപിയുടെ തീരുമാനം. പുലര്‍ച്ചെ രണ്ടര മണിക്ക് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തും. ഇവിടെ നിന്നാകും അദ്ദേഹം വന്ദേഭാരത് ട്രെയിനില്‍ തൃശൂരിലേക്ക് പോകുക.
സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സിപിഎം പ്രവര്‍ത്തകന്‍ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചിരുന്നു. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തി ജനാധിപത്യവിരുദ്ധമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചത്.
സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് ബിജെപി ഒരുങ്ങുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നാളെ പ്രതിഷേധ ജാഥ നടത്തുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളില്‍ സുരേഷ് ഗോപി പങ്കെടുത്തേക്കുമെന്നാണ് സൂചന. അതേസമയം, ക്യാമ്പ് ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് വച്ച് തന്നെ സിപിഎം പ്രവര്‍ത്തകന്‍ വിപിനിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റിയെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ ഇറക്കിക്കൊണ്ട് പോയിരുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ചും കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുമാണ് സിപിഎം സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.