ഒരു വീട്ടിൽ 327 വോട്ടർമാർ കോഴിക്കോട്ടും ക്രമക്കേടെന്ന് ലീഗ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ വോട്ടർ പട്ടികയിൽ ഒരു വീട്ട് നമ്പറിലുള്ളത് 327 വോട്ടർമാർ. മാറാട് ഡിവിഷനിലെ 49/49 നമ്പർ വീട്ടിലാണ് 327 വോട്ടർമാരുള്ളത്. പൂത്തൂർ ഡിവിഷനിലെ 4/500 വീട്ട് നമ്പറിൽ 320 വോട്ടർമാരുമുണ്ട്.
പൂത്തൂർ ഡിവിഷനിലെ 4/400 നമ്പർ വീട്ടിൽ 248 വോട്ടർമാരുണ്ട്. 03/418 നമ്പറിൽ 196 വോട്ടർമാരുമുണ്ട്. ഇതിൽ 11 എണ്ണം കൊമ്മേരി ഡിവഷനിലും 185 എണ്ണം കുറ്റിയിൽ താഴം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറിൽ വിവിധ ഡിവിഷനുകളിലായി 1088 വോട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിലെ പൊരുത്തക്കേട് സംബന്ധിച്ച വിവരങ്ങൾ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയാണ് പുറത്തുവിട്ടത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലുള്ള കോഴിക്കോട് കോർപ്പറേഷന്റെൻ വോട്ടർ പട്ടികയിൽ ഒരു ഐ.ഡി കാർഡ് നമ്പറിൽ തന്നെ ആറ് വോട്ടർമാരുണ്ട്. നാല് ഐ.ഡി കാർഡ് നമ്പറുകൾ പട്ടികയിലുണ്ട്. അഞ്ച് വോട്ടർമാർ വീതമുള്ള 4 ഐ.ഡി നമ്പറുകളും, 4 വോട്ടർമാരുള്ള 3 ഐ.ഡി നമ്പറുകളുമുണ്ട്. 3 വോട്ടർമാർ വീതമുള്ള 20 ഐ.ഡി നമ്പറുകളും, 2 വോട്ടർമാർ വീതമുള്ള 599 നമ്പറുകളും പട്ടികയിലുണ്ട്. ഇവയിലധികവും വ്യത്യസ്ത ബൂത്തുകളിലും ഡിവിഷനുകളിലുമാണ്.
ഒരു ബൂത്തിൽ ആവർത്തിച്ചത് 480 വോട്ട്
വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ രണ്ട് തവണ ആവർത്തിച്ചുള്ള വോട്ടുകൾ 1408 എണ്ണമാണ്. ഒരേ ഡിവിഷനിലെ ഒരു ബൂത്തിൽ 480 വോട്ടാണ് ആവർത്തിച്ചത്.
ഒരു വീട്ടിലെ വോട്ടുകൾ തന്നെ വ്യത്യസ്ത ഡിവിഷനുകളിലും ബൂത്തുകളിലുമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വോട്ടർ പട്ടിക കൃത്യമായി മനസിലാക്കാൻ സാധിക്കില്ല. വ്യാജ വോട്ടർമാരുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും പിൻബലത്തിൽ അധികാരം നിലനിറുത്താനാണ് സി.പി.എം ശ്രമമെന്നും ലീഗ് ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം സമാന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തിയിരുന്നു.